ആറന്മുള വള്ള സദ്യ ഇന്ന്
sadhya
ഇനിയുള്ള 67 ദിവസം 52 പള്ളിയോടക്കരകളിലും വള്ളസദ്യയുടെ രുചിക്കാലം കൂടിയാണ്.

ആറന്മുള വള്ള സദ്യ ഇന്ന് തുടങ്ങും. കൊവിഡ് മഹാമാരി സൃഷ്ടിച്ച രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്തവണ വള്ള സദ്യകള്‍ വീണ്ടും ആരംഭിക്കുന്നത്. പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പള്ളിയോടങ്ങള്‍ ക്ഷേത്രക്കടവിലേക്ക് അടുക്കുന്നതിന് ജില്ലാ ഭരണകൂടം ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇനിയുള്ള 67 ദിവസം 52 പള്ളിയോടക്കരകളിലും വള്ളസദ്യയുടെ രുചിക്കാലം കൂടിയാണ്.
52 കരകളുടെ നാഥനായ ആറന്മുള പാര്‍ഥസാരഥിക്ക് മുന്നില്‍ ഇനിയുള്ള 67 ദിവസം നിലയ്ക്കാതെ വഞ്ചിപ്പാട്ട് മുഴങ്ങും. രുചിയുടെ പെരുമപേറുന്ന ആറന്മുളയിലെ 64 വിഭവങ്ങള്‍ പാട്ടിനൊപ്പം ഇലയിലെത്തും, ഉപ്പിലിട്ടത് മുതല്‍ അഞ്ച് തരം പായസം വരെ നീളുന്ന സദ്യ. ഇലയില്‍ വിളമ്പുന്ന 44 വിഭവങ്ങള്‍ക്ക് പുറമെ തുഴച്ചിലുകാര്‍ പാടി ചോദിക്കുന്ന 20 വിഭവങ്ങളും രുചിയുടെ താളപ്പെരുമ തീര്‍ക്കുന്നവയാണ്. ആചാരങ്ങളില്‍ അണുവിട വ്യത്യാസമില്ലാതെ നടത്തുന്ന വള്ള സദ്യയില്‍ പങ്കെടുക്കാന്‍ എല്ലാ ദിവസവും ഇനി വിവിധ കരപ്രതിനിധികള്‍ എത്തും.

ഇന്ന് ഏഴ് പള്ളിയോടങ്ങള്‍ക്കാണ് വള്ള സദ്യ നടത്തുന്നത്. രാവിലെ 11.30ന് എന്‍ എസ് എസ് പ്രിസിഡന്റ് ഡോ. എം ശശികുമാര്‍ ഭദ്രദീപം കൊളുത്തും.പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഓരോ പള്ളിയോടങ്ങളിലും നീന്തലറിയാവുന്ന40 പേരെ മാത്രമെ തുഴയാന്‍ അനുവദിക്കൂ. ഇതിന് പുറമെ പള്ളിയോടങ്ങളുടെ സുരക്ഷയ്ക്കായി ബോട്ടുകളും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും നിശ്ചിത എണ്ണം വള്ളസദ്യമാത്രമെ നടത്തു എന്ന് പള്ളിയോട സേവാ സംഘവും വ്യക്തമാക്കിയിട്ടുണ്ട്. അഷ്ടമിരോഹിണി ദിവസം വരെ ഇനി ആറന്‍മുളയിലെ കരകളിലാകെ വഞ്ചിപ്പാട്ടിന്റെ താളം മുഴങ്ങി നില്‍ക്കും.

Share this story