പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; കാലിക്കറ്റ് എന്‍ഐടി ഡയറക്ടറെ പുറത്താക്കണമെന്ന് എസ്എഫ്‌ഐ
sfi

കാലിക്കറ്റ് എന്‍ഐടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റാരോപിതനായ എന്‍ഐടി ഡയറക്ടര്‍ പ്രൊഫ പ്രസാദ് കൃഷ്ണയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് എസ്എഫ്‌ഐ. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.ബി ടെക് കംപ്യൂട്ടര്‍ സയന്‍സ് പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ആലപ്പുഴ ചേര്‍ത്തല സ്വദേശി അഗിന്‍ എസ് ദിലീപിന്റെ അമൃത്സറിലെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും പോലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ മരണത്തിന് കാരണം എന്‍ഐടി ഡയറക്ടറാണെന്ന പരാമര്‍ശമുണ്ട്. തുടര്‍ന്ന് പ്രസാദ് കൃഷ്ണയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഡയറക്ടര്‍ തല്‍സ്ഥാനത്ത് തുടരുകയാണെന്നും എസ്എഫ്‌ഐ പറഞ്ഞു.
സാങ്കേതിമായ അനാവശ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എന്‍ഐടിയില്‍ നിന്നും അഗിന്റെ പഠനം പൂര്‍ത്തീകരിക്കാന്‍ അനുവദിക്കാതെ പുറത്താക്കുന്ന സമീപനം ഡയറക്ടര്‍ സ്വീകരിച്ചത്. ഇതില്‍ മനംനൊന്താണ് അഗിന്‍ ഡയറക്ടറുടെ പേരെഴുതി വച്ച് ആത്മഹത്യ ചെയ്തത്. മാനസികമായി പീഡിപ്പിക്കുക വഴി അഗിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട എന്‍ഐടി ഡയറക്ടറാണ് ഈ മരണത്തിനുത്തരവാദിയെന്നും', എസ്എഫ്‌ഐ ആരോപിച്ചു.പ്രസ്തുത ഡയറക്ടര്‍ പ്രസാദ് കൃഷ്ണ തികഞ്ഞ സംഘപരിവാര്‍ അനുകൂലിയും ക്യാമ്പസിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ നേതൃത്വം നല്‍കുന്ന വ്യക്തിയുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഹുങ്കിലാണോ ഡയറക്ടര്‍ തല്‍സ്ഥാനത്ത് തുടരുന്നതെന്ന് പരിശോധിക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, സെക്രട്ടറി പി എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Share this story