അലന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു ; എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി പൊലീസ്
alan shuhaib

പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പന്നിയങ്കര എസ്എച്ച്ഒയുടെ റിപ്പോര്‍ട്ട്. എന്‍ഐഎ കോടതിക്കാണ് പൊലീസ് റിപ്പോര്‍ട്ട് കൈമാറിയത്. കണ്ണൂര്‍ പാലയാട് ലോ കോളേജ് ക്യാമ്പസില്‍ വെച്ച് മര്‍ദിച്ചെന്ന എസ് എഫ് ഐ യുടെ പരാതിയില്‍ ധര്‍മ്മടം പോലീസ് അലനെതിരെ കേസെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട്.
പാലയാട് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും സംയുക്ത വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തിന് പിന്നാലെ അലന്‍ ഷുഹൈബിനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്‌തെന്നായിരുന്നു എസ്എഫ്‌ഐയുടെ പരാതി. കാമ്പസിലെ നിയമവിദ്യാര്‍ത്ഥിയാണ് അലന്‍. റാഗിങില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. 
പന്തീരങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന് ഒരു വര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. പുതിയ കേസില്‍ പൊലീസ് അലനെ കസ്റ്റഡിയിലെടുത്തെങ്കിലും മര്‍ദനത്തിനുള്ള വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.

Share this story