'നമ്മുടെ ജില്ലയില്‍ നല്ല മഴയാണ് , എല്ലാവരും വീട്ടില്‍ത്തന്നെ ഇരിക്കണം , വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ' : കരുതലോടെ ആലപ്പുഴ കളക്ടർ
v r krishna theja

ആലപ്പുഴ : മഴ വന്നാൽ ജില്ലാ കലക്ടർമാരുടെ പേജിനു താഴെ അപേക്ഷകളുടെ മേളമാണ്. ഒരു അവധി കിട്ടുമോ എന്ന് അന്വേഷിച്ചെത്തുന്ന കുട്ടികളുടെ ബഹളം. അവധി െകാടുത്തില്ലെങ്കിൽ പിന്നെ അപേക്ഷകളുടെ രൂപവും ഭാവവും മാറും. ചിലർ കരയും, സങ്കടം പറയും. ‘എന്താ സാറെ, ഞങ്ങളുടെ ജീവന് വിലയില്ലേ..’ എന്ന് പറഞ്ഞ് വിങ്ങുന്നവരെയും കാണാം.

ഇതിനിടെ, കലക്ടറായി ചുമതല ഏറ്റെടുത്തതിനു പിന്നാലെ ആദ്യ ഉത്തരവിൽ തന്നെ വ്യാഴാഴ്ച കുട്ടികൾക്ക് അവധി അനുവദിച്ചിരിക്കുകയാണ് ആലപ്പുഴ ജില്ലാ കലക്ടർ വി.ആർ.കൃഷ്ണ തേജ. ഒപ്പം കുട്ടികൾക്കായി ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചു.

‘പ്രിയ കുട്ടികളെ, ഞാന്‍ ആലപ്പുഴ ജില്ലയില്‍ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്കു വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നു കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ത്തന്നെ ഇരിക്കണം. അച്ഛനമ്മമാർ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്നു കരുതി പുറത്തേക്കു ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്നു കരുതി മടി പിടിച്ച് ഇരിക്കാതെ പാഠഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ... സ്നേഹത്തോടെ’ - കലക്ടർ കുറിച്ചു.

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ മാറ്റി കഴിഞ്ഞ ദിവസമാണ് വി.ആർ.കൃഷ്ണ തേജയെ പുതിയ ആലപ്പുഴ കലക്ടറായി നിയമിച്ചത്.

 
 

Share this story