തിരക്കനുസരിച്ച് വിമാന കമ്പനികള്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി പ്രവാസികളെ കൊള്ളയടിക്കുന്നത് നീചം ; കെ സുധാകരന്‍

തിരക്കനുസരിച്ച് വിമാന കമ്പനികള്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി പ്രവാസികളെ കൊള്ളയടിക്കുന്നത് നികൃഷ്ടവും നീചവുമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രവാസി ഭാരത് ദിവസ് സമ്മേളനം കെ പി സി സി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. സിനിമാ ടിക്കറ്റ് കരിചന്തയില്‍ ഉയര്‍ന്ന നിരക്കിന് വില്‍ക്കുന്നതിന് സമാനമാണ് വിമാന കമ്പനികളുടെ നടപടി. ഇത് നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
വിദേശത്ത് മരിക്കുന്നവരുടെ ദേഹം നാട്ടിലെത്തിക്കാന്‍ മൃതദേഹത്തിന്റെ ഭാരം നോക്കി ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് ക്രൂരതയാണ്. ഒരു നിശ്ചിത റേറ്റ് നിശ്ചയിച്ച് അത് അവസാനിപ്പിക്കണം. പ്രവാസി സമൂഹം നമ്മുടെ നാടിന്റെ വികസനത്തിന് നല്‍കിയത് വലിയ സംഭാവനകളാണ്. എന്നാല്‍ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. സംരംഭകരായി എത്തുന്ന പ്രവാസികള്‍ക്ക് നീതി കിട്ടാതെ പോകുകയാണെന്നും സുധാകരന്‍ പറഞ്ഞു.