ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം; എഡിജിപി വിജയ് സാഖറെ പാലക്കാട്ടേക്ക്; കൂടുതല്‍ പൊലീസിനെ വിന്യസിക്കും
vijay sakera

പാലക്കാട് മേലാമുറിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി പൊലീസ്. സംഘര്‍ഷ സാധ്യതകള്‍ മുന്‍നിര്‍ത്തി പൊലീസ് മേധാവി തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു. നിലവിലെ സാഹചര്യങ്ങള്‍ യോഗത്തില്‍ വിലയിരുത്തി.

ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ പാലക്കാട്ടേക്ക് ഉടന്‍ എത്തും. എറണാകുളം റൂറലില്‍ നിന്നും മൂന്ന് കമ്പനി പൊലീസ് സേന കൂടി പാലക്കാട്ടെത്തും. എല്ലാ ജില്ലകളിലും കര്‍ശന നിരീക്ഷണം ശക്തമാക്കാന്‍ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവധിയില്‍ പോയ ഉദ്യോഗസ്ഥരടക്കം ഉടന്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും പ്രശ്‌നബാധിത മേഖലകളില്‍ പ്രത്യേക പട്രോളിംഗ് നടത്താനും നിര്‍ദേശമുണ്ട്.

ഇന്നുച്ചയോടെയാണ് പാലക്കാട് നഗരത്തില്‍ ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന് വെട്ടേറ്റത്. പാലക്കാട് മേലാമുറിയില്‍ വച്ചായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗസംഘം ശ്രീനിവാസന്റെ എസ്‌കെ ഓട്ടോ റിപ്പയര്‍ കടയ്ക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. പാലക്കാട് നോര്‍ത്ത് കസബ സ്റ്റേഷന്‍ പരിധിയാലണ് സംഭവം. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ ആരോപിച്ചു.

Share this story