നടി സുരഭി ലക്ഷ്മി ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു

google news
surab lakshmi

രാത്രി റോഡരികിൽ വാഹനത്തിൽ കുഴഞ്ഞുവീണ് മരണത്തോടു മല്ലിട്ട യുവാവിനെ അതുവഴി വന്ന ചലച്ചിത്ര താരം സുരഭി ലക്ഷ്മി സ്വന്തം വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും, പുലർച്ചെയോടെ മരിച്ചു. പാലക്കാട് പട്ടാമ്പി വിളയൂർ വൈലശേരി മുസ്തഫ (39) ആണ് ബുധനാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഒരു ഇഫ്താർ വിരുന്നു കഴിഞ്ഞ് മടങ്ങുമ്പോഴാണ് രാമനാട്ടുകര – തൊണ്ടയാട് ബൈപാസിൽ തൊണ്ടയാടു മേൽപാലത്തിനു താഴെ റോഡരികിൽ നിർത്തിയിട്ട ജീപ്പിനു സമീപം ഒരു കുട്ടിയും രണ്ടു മുതിർന്നവരും ബഹളം വയ്ക്കുന്നത് സുരഭിയുടെ ശ്രദ്ധയിൽപെട്ടത്. മുതിർന്നവർ വാഹനങ്ങൾക്കു കൈകാണിക്കുന്നതു കണ്ടപ്പോൾ അപകടമാണെന്നു കരുതി കാർ നിർത്തി. 

ജീപ്പിൽ ഒരു യുവാവ് നെഞ്ചുവേദന കൊണ്ട് പിടയുന്നതാണു കണ്ടത്. മനോദൗർബല്യമുള്ള ഒരു കുട്ടിയും രണ്ടു മുതിർന്നവരും ഒപ്പമുണ്ടായിരുന്നു. അവർക്കു വാഹനമോടിക്കാൻ അറിയാത്തതിനാലാണ് വണ്ടികൾക്കു കൈകാണിച്ചത്. കണ്ടപ്പോൾ ഉടൻ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു. പ്രഥമശുശ്രൂഷ നൽകിയ ശേഷം യുവാവിനെ താങ്ങിയെടുത്തു കാറിൽകയറ്റി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.

ഉടനെ ഡോക്ടർമാരെത്തി അടിയന്തര ചികിത്സ നൽകി. ഇതിനിടയിൽ, യുവാവിനൊപ്പമുണ്ടായിരുന്നവരിൽ ഒരാളെയും കുഞ്ഞിനെയും കൂട്ടി സുരഭി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. അതിനിടെ, സുരഭി ആശുപത്രിയിലെത്തിച്ച മുസ്തഫയുടെ ഭാര്യയും ഒരു കുഞ്ഞും അതേ സ്റ്റേഷനിൽത്തന്നെയുണ്ടെന്നു മനസ്സിലായി.

വൈകിട്ട് ഏഴു മണിയോടെയാണ് ഒരു യുവതിയും കുട്ടിയും സ്റ്റേഷനിൽ എത്തിയത്. സംസാരത്തിൽ അസ്വാഭാവികത തോന്നിയതിനാൽ പൊലീസ് അമ്മയ്ക്കും കുഞ്ഞിനും ഭക്ഷണം നൽകി സ്റ്റേഷനിൽ സുരക്ഷിതമായി നിർത്തി. തുടർന്ന് യുവതിയിൽനിന്നു ലഭിച്ച ഫോൺ നമ്പറിൽ ഭർത്താവിനെ വിളിച്ച് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. സമയം കഴിഞ്ഞിട്ടും ഭർത്താവ് എത്താതിരുന്നതിനാൽ പൊലീസ് അന്വേഷണവും തുടങ്ങിയിരുന്നു.

ഭാര്യയെ കാണാതായ മുസ്തഫയും കുട്ടിയും ഒരു സുഹൃത്തും പകലും രാത്രിയിലും തിരച്ചിൽ നടത്തി വീട്ടിലേക്കു തിരിച്ചുപോകുമ്പോഴാണ് പൊലീസ് വിളിച്ചു സ്റ്റേഷനിൽ എത്താൻ അറിയിച്ചത്. പിന്നീടു ഫോൺ ഓഫായി. സ്റ്റേഷനിലേക്കു പോകുന്ന വഴിക്കാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. കൂടെയുള്ളവർക്കു ഡ്രൈവിങ് അറിയാത്തതിനാൽ വിജനമായ ബൈപാസിൽ മഴ കാരണം സഹായത്തിന് ആളില്ലാതെ എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് സുരഭി എത്തിയതെന്ന് ഇൻസ്പെക്ടർ ബെന്നിലാലു പറഞ്ഞു.
 

Tags