തളിപ്പറമ്പിൽ ബൈക്കില്‍ ബസിടിച്ച് യുവാവ് മരിച്ചു, മകന്റെ നില ഗുരുതരം: സോമന്റെ മരണം രണ്ടാഴ്ച മുമ്പ് പ്രസവിച്ച ഭാര്യയേയും മകനെയും കാണാനുള്ള യാത്രക്കിടെ
taliparamba bus accident

തളിപ്പറമ്പ്:   രണ്ടാഴ്ച  മുമ്പ് പ്രസവിച്ച ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ പോകുന്നതിനിടെ ബൈക്കില്‍ ബസിടിച്ച് യുവാവ് മരിച്ചു. എസ്.എസ്.എല്‍.സിക്ക് പഠിക്കുന്ന മകന് ഗുരുതര പരിക്ക്. ചെറുകുന്ന് തറയിലെ ടെയിലറിംഗ് ഷോപ്പ് ഉടമ ഇടക്കേപ്പുറം വടക്ക് ചെറിയാല്‍ വീട്ടില്‍ സോമന്‍(46)ആണ് മരിച്ചത്. 

ഗുരുതരമായി പരിക്കേറ്റ മകന്‍ അഭിഷേകിനെ(14) മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരേതരായ കുമാരന്‍-യശോദ ദമ്പതികളുടെ മകനാണ്. ഏക സഹോദരി ഉമ. ഇന്ന് ഉച്ചക്ക് 12.30 നാണ് അപകടം നടന്നത്. രണ്ടാഴ്ച  മുമ്പ് ആണ്‍കുട്ടിക്ക് ജന്‍മം നല്‍കി മാവിച്ചേരിയിലെ വീട്ടിലുള്ള ഭാര്യ രജിതയെ കാണാന്‍ മകനോടൊപ്പം പോവുകയായിരുന്ന സോമന്‍ സഞ്ചരിച്ച ബൈക്കില്‍ നിയന്ത്രണം വിട്ട് എത്തിയ സ്വകാര്യബസ് ഇടിച്ചുകയറുകയായിരുന്നു. 

രണ്ടുപേരെയും ഉടന്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും സോമന്‍ മരിച്ചു. അഭിഷേകിന്റെ നില അതീവ ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച സംസ്‌ക്കരിക്കും. 

Share this story