യുവാവിനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ കേസ് ; പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചന

flight

ബഹ്‌റൈനില്‍ നിന്നെത്തിയ യുവാവിനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചന. കോഴിക്കോട് മേപ്പയ്യൂര്‍ കാരയാട് സ്വദേശി പാറപ്പുറത്തുമ്മല്‍ ഷഫീഖിനെയാണ് നാലംഗ സംഘം തട്ടികൊണ്ടു പോയി മര്‍ദ്ദിച്ചത്.

പുള്ളാവൂര്‍ സ്വദേശികളായ മുഹമ്മദ് ഉവൈസ്, മുഹമ്മദ് റഫീസ്, പനക്കോട് മുഹമ്മദ് ഷഹല്‍, എസ്റ്റേറ്റ്മുക്ക് സ്വദേശി ആദില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ കഴിഞ്ഞ ദിവസം നെടുമ്പാശേരി വഴി വിദേശത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. 
ഈ മാസം ഒന്‍പതിന് കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയ ഷഫീഖിനെ കസ്റ്റംസ് 291 ഗ്രാം സ്വര്‍ണവുമായി പിടികൂടിയിരുന്നു. നടപടിക്രമം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഷഫീഖിനെ നാലംഗ സംഘം തട്ടികൊണ്ടു പോയി ലോഡ്ജില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.
കസ്റ്റംസ് പിടികൂടാത്ത രണ്ട് ക്യാപ്‌സൂള്‍ സ്വര്‍ണം കൂടിയുണ്ടെന്നും ഇത് ഷഫീഖ് മറ്റാര്‍ക്കോ കൈമാറിയെന്നുമായിരുന്നു സംഘത്തിന്റെ ആരോപണം. ചായ കുടിക്കാനായി പുറത്തിറങ്ങിയപ്പോള്‍ ഷഫീഖ് കാറില്‍ നിന്ന് രക്ഷപ്പെട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ വിവരങ്ങള്‍ ശേഖരിച്ച് വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കും മുന്‍പ് തന്നെ പ്രതികള്‍ നാടുവിട്ടു.
 

Share this story