കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർക്ക് ജന ഹൃദയങ്ങളുടെ യാത്രാ മൊഴി

A P Muhammed Musliyar Kanthapuram passes away

കോഴിക്കോട്: പ്രമുഖ ഇസ്‌ലാം മത പണ്ഡിതനും സമസ്ത കേരള  ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ കാന്തപുരം  എ പി മുഹമ്മദ് മുസ്‌ലിയാരെ  കരുവൻപൊയിൽ ചുള്ള്യാട് ജുമാ മസ്ജിദിൽ ഖബറടക്കി. ഇന്നലെ (ഞായർ) രാവിലെ 10 മണിക്ക്  മർകസ് മസ്ജിദുൽ ഹാമിലിയിൽ വെച്ച് നടന്ന  പ്രാർഥനക്ക്  മർകസ്  പ്രസിഡണ്ട് സയ്യിദ് അലി ബാഫഖിയും ജനാസ  നിസ്കാരത്തിന്    കേരളാ മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം  ഖലീൽ ബുഖാരിയും  നേതൃത്വം നൽകി.

അദ്ദേഹത്തിന്റെ സ്വദേശമായ കരുവൻപൊയിൽ ജുമാ മസ്ജിദിൽ വെച്ച് വൈകുന്നേരം 4 മണിക്ക്  നടന്ന നിസ്കാരത്തിന് സമസ്ത കേരള ജംഇയ്യത്തുൽ  ഉലമ പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാർ , ഇബ്രാഹീമുൽ ഖലീൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, സയ്യിദ് തുറാബ്  സഖാഫി, അബ്ദുറഹ്മാൻ ഫൈസി മരായമംഗലം, ബശീർ ഫൈസി വെണ്ണക്കോട് എന്നിവർ നേതൃത്വം നൽകി. പ്രമുഖ പണ്ഡിതരും തങ്ങന്മാരും സംബന്ധിച്ച ചടങ്ങിൽ  പതിനായിരങ്ങളുടെ  സാന്നിധ്യമുണ്ടായിരുന്നു. ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, ശശി തരൂർ , ടി എൻ പ്രതാപൻ,  ജാതി-മത സംഘടനാ ഭേദമന്യേ  കേരളത്തിലുടനീളമുള്ള മത-രാഷ്ട്രീയ സാമൂഹിക  നേതാക്കൾ അദ്ദേഹത്തിൻറെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.

A P Muhammed Musliyar Kanthapuram passes away

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രഥമനും പ്രധാനിയുമായ ശിഷ്യനായിരുന്നു ദിവംഗതനായ കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ. അറിവിലും , പ്രഭാഷണ മികവിലും , ശരീരപ്രകൃതിയിൽ, ശബ്ദത്തിൽ, നടത്തത്തിൽ, പുഞ്ചിരിയിൽ ഇങ്ങനെ എല്ലാ കാര്യത്തിലും ഇരുവർക്കുമിടയിലുള്ള പൊരുത്തം സമാനതകൾ ഇല്ലാത്തതാണ്. കാന്തപുരത്തിൻറെ  നിർദേശ പ്രകാരം കാന്തപുരത്തെ ജുമാ മസ്ജിദിൽ   മൂന്നര പതിറ്റാണ്ടോളം ദർസ് നടത്തിയതിനാൽ കാന്തപുരം എന്ന പേരും ഒപ്പം ചേർന്നു.

2007 ൽ മർകസിലെ സീനിയർ മുദരിസായി സേവനം ആരംഭിക്കുകയും കാന്തപുരം ഉസ്താദിന്റെ അഭാവത്തിൽ വിദ്യാർത്ഥികൾക്ക് വിശ്രുത ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരി അധ്യാപനം നടത്തുകയും ചെയ്തിരുന്നത് മുഹമ്മദ് മുസ്‌ലിയാർ ആയിരുന്നു. കാന്തപുരം ഉസ്താദുമായുള്ള സാദൃശ്യതയാണ് ചെറിയ എ പി ഉസ്താദ് എന്ന് ജനങ്ങൾ വിളിക്കാൻ കാരണമായത്. മത, സാമൂഹിക, സംഘടനാ  രംഗത്ത് നിരവധി സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം ഇസ്ലാമിക മത നിയമങ്ങൾ (ഫത്‌വ) നൽകുന്നതിലും എഴുത്തിലും പ്രഭാഷണത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. എല്ലാവരോടും പുഞ്ചിരിയോടെ സമീപിക്കുന്ന അദ്ദേഹത്തെ സംഘടനാ ഭേദമന്യേ മുഴുവൻ ആളുകൾക്കും സുസമ്മതനായിരുന്നു.
 

Share this story