ചിലരുടെ തെറ്റിന് കേരളത്തിലെ മുഴുവന്‍ പൊലീസും ചീത്ത കേള്‍ക്കേണ്ടി വരുന്നുവെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍

shamseer


തിരുവനന്തപുരം : ചിലരുടെ തെറ്റിന് കേരളത്തിലെ മുഴുവന്‍ പൊലീസും ചീത്ത കേള്‍ക്കേണ്ടി വരുന്നുവെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. പൊലീസ് ജനങ്ങളുടെ സേവകരാകണമെന്നും പൊലീസ് അസോസിയേഷന്‍ പരിപാടിക്കിടെ സ്പീക്കര്‍ പറഞ്ഞു. കേരള പൊലീസുകാര്‍ തന്നെ കുറ്റക്കാരാകുന്ന കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടെയാണ് ഷംസീറിന്റെ പരാമര്‍ശം. 

പൊലീസിന് പലപ്പോഴും പിശകുകള്‍ പറ്റിയേക്കാം. മനുഷ്യ സഹജമായ പിശകാകാം അത്. പക്ഷേ അതുപോലും പൊതുസമൂഹം ആഗ്രഹിക്കാത്തതിനാല്‍ ആണ് വിമര്‍ശിക്കപ്പെടുന്നത്. അത് ഉള്‍ക്കൊണ്ട് വേണം പൊലീസ് സേന പ്രവര്‍ത്തിക്കാന്‍. ഇന്ന് പോലും പൊലീസിനെതിരെയുള്ള വാര്‍ത്തകളാണ് വരുന്നത്. പൊലീസില്‍ കള്ള നാണയങ്ങള്‍ ഉണ്ട്. അവര്‍ നടത്തുന്ന തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്ക് ചീത്ത കേള്‍ക്കേണ്ടി വരുന്നത് മുഴുവന്‍ പേരും ആണ്. അത് കണ്ടെത്തി തിരുത്താന്‍ ആകണം. ജനങ്ങളുടെ സേവകന്‍ പൊലീസ് മാറണം. 

ഉന്നത അക്കാദമിക വിദ്യാഭ്യാസം ഉള്ളവരാണ് സേനയില്‍ അധികവും. വിനയത്തോടെ പെരുമാറാന്‍ കഴിയണം. ജോലി സമ്മര്‍ദം കാരണം ജനങ്ങളുടെ മേല്‍ കുതിര കയറിയാല്‍ മുഴുവന്‍ സേനയും അതിന്റെ പഴി കേള്‍ക്കേണ്ടി വരും. രാജ്യത്തിന് തന്നെ മാതൃക ആയ സേനയാണ് പൊലീസ്. പക്ഷേ ചില തെറ്റായ പ്രവണതകളെ വിമര്‍ശിക്കുമെന്നും ഷംസീര്‍ പറഞ്ഞു. രണ്ടു പോലീസ് ഉദ്യോഗസ്ഥരെ ആദരിക്കുന്ന പരിപാടിക്കിടെയാണ് സ്പീക്കറുടെ വാക്കുകള്‍.
 

Share this story