ആലുവ – പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് 74കാരന്‍ മരിച്ച സംഭവം ; ഹൈക്കോടതിയില്‍ എഞ്ചിനീയര്‍ ഹാജരാകും
high court

ആലുവ – പെരുമ്പാവൂര്‍ റോഡ് വിഷയം ഇന്ന് ഹൈക്കോടതിയില്‍. റോഡിലെ കുഴിയില്‍ വീണുള്ള പരിക്കിനെ തുടര്‍ന്ന് എഴുപത്തിനാലുകാരന്‍ മരിച്ച സംഭവം ഇന്നും കോടതി പരിശോധിച്ചേക്കും. ആലുവ – പെരുമ്പാവൂര്‍ റോഡിന്റെ മരാമത്ത് പ്രവര്‍ത്തികള്‍ക്ക് ചുമതലയുള്ള എന്‍ജിനീയര്‍ ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശമുണ്ട്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് വാദം കേള്‍ക്കുന്നത്. വിജിലന്‍സ് സ്വീകരിച്ച നടപടികളും കോടതി വിലയിരുത്തും. എഴുപത്തിനാലുകാരനായ കുഞ്ഞു മുഹമ്മദിന്റെ മരണകാരണം കുഴിയില്‍ വീണുള്ള പരിക്ക് മാത്രമല്ലെന്നും, ഷുഗര്‍ ലെവല്‍ കുറവായിരുന്നുവെന്ന് മകന്‍ പറഞ്ഞെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത് വിവാദമായിരുന്നു.

ആലുവ പെരുമ്പാവൂര്‍ റോഡ് രണ്ടാഴ്ചയ്ക്കകം നന്നാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ആലുവ മൂന്നാര്‍ റോഡ് നാലുവരി പാതയാക്കും. ഭൂമി ഏറ്റെടുക്കുന്നതില്‍ ജനങ്ങളുടെ എതിര്‍പ്പുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

റോഡിലെ കുഴിയില്‍വീണ് യാത്രക്കാരന്‍ മരിച്ചത് ഞെട്ടലുണ്ടാക്കിയെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. പതിനെട്ടാം നൂറ്റാണ്ടിലാണോ ഇപ്പോഴും ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
 

Share this story