മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ പ്രദേശത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഉണ്ടായത് 52 വലിയ ഉരുൾപൊട്ടലുകൾ

google news
meenachil landslides

കോട്ടയം: മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ പ്രദേശത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഉണ്ടായത് 52 വലിയ ഉരുൾപൊട്ടലുകൾ. ചെറുതും വലുതുമായ മണ്ണിടിച്ചിലുകൾ 100. ഒരു പ്രത്യേക പ്രദേശം കേന്ദ്രീകരിച്ച് ഇത്രയേറെ ഉരുൾപൊട്ടലുകൾ ഉണ്ടായത് കൃഷിയെയും ജനജീവിതത്തെയും ബാധിക്കുന്നു.

തലനാട്, തീക്കോയി, മൂന്നിലവ്, പൂഞ്ഞാർ തെക്കക്കര, മേലുകാവ് പഞ്ചായത്തുകളാണ് പ്രശ്നബാധിതം. മേലുകാവിൽ പക്ഷേ, കഴിഞ്ഞ ഏഴ് വർഷത്തിനിടെ വലിയ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടില്ല. ഏതാനും വർഷങ്ങളായി കാര്യമായ ഭൂപ്രശ്നങ്ങൾ ഉണ്ടാകാതിരുന്ന മൂന്നിലവിൽ ഇത്തവണ അഞ്ചിടത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്.

ഉരുൾപൊട്ടലിനോളം മാരകമല്ല മണ്ണിടിച്ചിൽ. പക്ഷേ, രണ്ടായാലും ആ ഭൂമി പിന്നെ കൃഷിക്കോ മറ്റ് കാര്യങ്ങൾക്കോ ഉപയോഗിക്കാനാകില്ല. 25 ഡിഗ്രി വരെ ചെരിവുള്ള ഇടങ്ങളിലാണ് ഉരുൾസാധ്യത ഏറെ. ഇവിടെ അപകടസാധ്യതാ ഇടങ്ങൾ കണ്ടെത്തി സെന്റർ ഫോർ എർത്ത് സയൻസ് പുനരധിവാസം നിർദ്ദേശിച്ചിരുന്നു.

പക്ഷേ, ഭൂമി വിൽക്കാൻ പറ്റുന്നില്ലെന്ന് ജനങ്ങൾ പരാതിപ്പെടുന്നു. ഒരിക്കൽ ഉരുൾപൊട്ടിയ ഇടത്ത് വസ്തുവില ഇടിയുന്നു. ഭൂമിയുടെ ചെരിവിനൊപ്പം മേൽമണ്ണിന്റെ ഉറപ്പില്ലായ്മയും ഉരുൾ സാധ്യത കൂട്ടുന്നു. 3-4 മീറ്ററാണ് ദുർബലമേഖലകളിലെ മണ്ണിന്റെ കനമായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനത്തിൽ കണ്ടത്. ഇവിടേക്ക് അതിതീവ്രമഴ കൂടി ലഭിക്കുമ്പോൾ അപകടസാധ്യത കൂടും. പ്രദേശങ്ങളിൽ മുമ്പ് ഖനനവും സജീവമായിരുന്നു. 12 ക്വാറികൾ ഈ മേഖലയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഒരെണ്ണമേ പ്രവർത്തിക്കുന്നുള്ളൂവെങ്കിലും പഴയ ഖനനത്തിന്റെ പ്രശ്നങ്ങൾ ഇപ്പോഴുമുണ്ട്.

Tags