സാധനം വാങ്ങി യുവാവ് നൽകിയ 500രൂപാ നോട്ടിൽ മഴവെള്ളം വീണപ്പോൾ നിറംപോയി

note

കുഞ്ചിത്തണ്ണി (ഇടുക്കി): കടയിൽ നിന്നും സാധനം വാങ്ങി യുവാവ് നൽകിയ 500രൂപാ നോട്ടിൽ മഴവെള്ളം വീണപ്പോൾ നോട്ടിന്റെ നിറം പോയി. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെ കുഞ്ചിത്തണ്ണി ടൗണിലാണ് സംഭവം. യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പോലീസ് കൊണ്ടുപോയി നടത്തിയ പരിശോധനയിൽ കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന പേപ്പർ നോട്ടാണ് ഇതെന്ന് കണ്ടെത്തി.

പരസ്പരവിരുദ്ധമായി സംസാരിക്കുന്ന യുവാവിനെ പോലീസ് നിരീക്ഷിക്കുകയാണ്. ഇയാൾ 500 രൂപയുടെ നോട്ട് നൽകി ചെറിയ സാധനം വാങ്ങി പണം കൈക്കലാക്കാനാണ് ശ്രമിച്ചത്. ഒരാളുടെ ബൈക്കിൽ എത്തിയ ഇയാൾ 500 രൂപയുടെ നോട്ട് നൽകി 100 രൂപയുടെ സാധനം വാങ്ങി. മറ്റൊരു കടയിലും 500 രൂപയുടെ നോട്ട് നൽകി 110 രൂപയ്ക്ക് സാധനങ്ങൾ വാങ്ങി. 

മൂന്നാമത്തെ കടയിൽ നിന്നും പൈനാപ്പിൾ വാങ്ങി. 500-ന്റെ നോട്ട് നൽകിയപ്പോൾ ബാക്കി തിരിച്ചു കൊടുക്കാനില്ലാത്തതിനാൽ കടയുടമ അടുത്തുള്ള സ്ഥാപനത്തിൽനിന്ന് ചില്ലറ വാങ്ങാൻ പോയി. ഈ സമയം മഴവെള്ളം നോട്ടിൽ വീണപ്പോൾ നോട്ടിന്റെ നിറം മാറിയതാണ് സംശയത്തിന് ഇടയാക്കിയത്. അപ്പോഴേക്കും മറ്റു രണ്ടുകടക്കാരും നാട്ടുകാരെയും കൂട്ടി എത്തി ഇവരെ തടഞ്ഞു വെക്കുകയായിരുന്നു. 

തുടർന്ന് പോലീസിനെ വിളിച്ചുവരുത്തി ഇവരെ കൈമാറി. സ്റ്റേഷനിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് പേപ്പർ നോട്ടാണെന്ന് മനസ്സിലായത്. വെള്ളത്തൂവൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
 

Tags