തൃശൂര്‍ നാട്ടികയില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി, 5 മരണം, 7 പേര്‍ക്ക് പരിക്ക്

lorry
lorry

നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്

തൃശൂര്‍ നാട്ടികയില്‍ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേര്‍ക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. 2കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. ഇവര്‍ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.

പുലര്‍ച്ചെ 4 നാണ് അപകടം സംഭവിച്ചത്. കിടന്നുറങ്ങിയ സംഘത്തില്‍ 10 പേര്‍ ഉണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് ആളുകള്‍ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. സംഭവ സ്ഥലത്തുവെച്ചു തന്നെ 5 പേരും മരിച്ചു. 7 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാരിക്കേഡ് മറിഞ്ഞുവന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. 

Tags