ആലുവയിൽ ബാഗുകളിലാക്കി കടത്താൻ ശ്രമിച്ച 35 കിലോ കഞ്ചാവ് പിടികൂടി; യുവതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ

35 kg ganja seized in Aluva
35 kg ganja seized in Aluva

കൊച്ചി: ആലുവയിൽ ബാഗുകളിലാക്കി കടത്താൻ ശ്രമിച്ച 35 കിലോ കഞ്ചാവ് ഡാൻസാഫ് ടീമും പോലീസും ചേർന്ന് പിടികൂടി. സംഭവത്തിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഒഡിഷ റായഗന്ധ സ്വദേശികളായ സത്യനായ്ക്, ആശ പ്രമോദ് ലിമ, അസന്തി താക്കൂർ എന്നിവരാണ് പിടിയിലായത്. 

കഞ്ചാവ് നിറച്ച പെട്ടികളുമായി ട്രെയിൻ മാർഗമാണ് ഇവർ ആലുവയിൽ എത്തിയത്. പുലർച്ചെ രണ്ടിന് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു. ഒഡീഷയിൽനിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വിതരണം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. 

ആലുവ റൂറൽ ജില്ല പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്നംഗസംഘം പിടിയിലായത്. നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പി.പി.ഷംസ്, ആലുവ ഡിവൈഎസ്പി റ്റി.ആർ.രാജേഷ്, ഇൻസ്പെക്ടർ എ.എൽ.അഭിലാഷ്, ഡാൻസാഫ് ടീം, ആലുവ പോലീസ് എന്നിവരാണ് പരിശോധന നടത്തിയത്.