വിൽക്കാൻ വെച്ച കാരറ്റ് എടുത്തു കഴിക്കരുതെന്ന് പറഞ്ഞതിന്റെ വൈരാഗ്യം; പച്ചക്കറിക്കടക്കാരനെ വെട്ടിക്കൊലപ്പെടുത്തി; 2 പേർ പിടിയിൽ
റാന്നി (പത്തനംതിട്ട): കടയിൽ വിൽക്കാൻ വെച്ചിരിക്കുന്ന കാരറ്റ് എടുത്തു കഴിക്കരുതെന്ന് പറഞ്ഞ പച്ചക്കറിക്കടക്കാരനെ വെട്ടിക്കൊലപ്പെടുത്തി. റാന്നി അങ്ങാടിയിലാണ് സംഭവം. റാന്നി മക്കപ്പുഴ ചേത്തയ്ക്കൽ പൊടിപ്പാറ പുതുപ്പറമ്പിൽ പള്ളിയമ്പിൽ അനിൽകുമാറിനാണ് (52) വെട്ടേറ്റ് മരിച്ചത്. തർക്കത്തിനിടെ വെട്ടേറ്റ കടയിലെ ജീവനക്കാരി മഹാലക്ഷ്മി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ അങ്ങാടി കരിങ്കുറ്റി പുറത്തേപ്പറമ്പിൽ പ്രദീപ് (ഇടത്തൻ-43), കളമാംകുളത്ത് രവീന്ദ്രൻ (42) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. കടയിലെത്തിയ പ്രദീപും രവീന്ദ്രനും കാരറ്റ് എടുത്തുകഴിക്കുകയും ശേഷം വീണ്ടും എടുത്തപ്പോൾ കാരറ്റിന് വലിയ വിലയാണെന്നും ആവശ്യമുണ്ടെങ്കിൽ വിലകൊടുത്തു വാങ്ങണമെന്നും ജീവനക്കാരി മഹാലക്ഷ്മി പറയുകയുമായിരുന്നു. തുടർന്ന് 250 ഗ്രാം കാരറ്റ് വാങ്ങിയെങ്കിലും പണം നൽകിയില്ല. ഇതിനെ ജീവനക്കാരി ചോദ്യംചെയ്തത് തർക്കത്തിൽ കലാശിക്കുകയായിരുന്നു.
മഹാലക്ഷ്മിയുടെ ഭർത്താവും കടയിലെ മറ്റൊരു ജീവനക്കാരനും എത്തിയതോടെ ഉന്തുംതള്ളുമായി. തുടർന്ന് കാണിച്ചുതരാമെന്നുപറഞ്ഞ് പ്രദീപും സുഹൃത്തും അവിടെനിന്നുപോയി. ശേഷം 10 മണിയോടെ വടിവാളുമായി എത്തിയ ഇവർ മഹാലക്ഷ്മിയെ വെട്ടുകയായിരുന്നു. തടയാനെത്തിയ അനിൽകുമാറിനെയും പ്രദീപ് വെട്ടി. കടയിൽനിന്നിറങ്ങി റോഡിലേക്കോടിയ അനിലിനെ പിന്നാലെ എത്തിയ പ്രദീപ് വീണ്ടും വെട്ടി. അനിൽകുമാർ റോഡിൽവീണു. ഈ സമയം സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റവരെ സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അനിൽ മരിച്ചു.
പോലീസിനെ കണ്ട് പ്രതികൾ സ്‌കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവിടെ ഉണ്ടായിരുന്ന ചിലർ സ്‌കൂട്ടറിൽ പിടിച്ചതിനാൽ മറിഞ്ഞു. തുടർന്ന് ഓടിയ ഇരുവരെയും പോലീസ് പിന്തുടർന്ന് മുക്കാൽ മണിക്കൂറിനുള്ളിൽ പിടികൂടുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. അങ്ങാടിയിൽ എസ്.ബി.ഐ.ക്ക് സമീപമാണ് അനിൽകുമാറിന്റെ പച്ചക്കറിക്കട. മരിച്ച അനിൽകുമാറിന്റെ ഭാര്യ പുഷ്പ. മക്കൾ: അഞ്ജന, അനൂപ്.
റാന്നി ഡിവൈ.എസ്.പി. ആർ.ജയരാജ്, ഇൻസ്‌പെക്ടർ ജിബു ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. എസ്.ഐ.മാരായ ബി.എസ്.ആദർശ്, മനോജ്, എ.എസ്.ഐ.മാരായ ബിജു മാത്യു, അജു കെ.അലി, എസ്.സി.പി.ഒ.മാരായ എൽ.ടി.ലിജു, അജാസ്, സുമിൽ, സി.പി.ഒ.മാരായ സനിൽ, ഗോകുൽ എന്നിവരും അന്വേഷണസംഘത്തിലുണ്ട്.