പെരിങ്ങോട്ടുകുറിശ്ശിയിൽ സ്വന്തമായുണ്ടാക്കിയ ചേ-സൈക്കിളിൽ നാടുചുറ്റി 16-കാരൻ

google news
adith

പെരിങ്ങോട്ടുകുറിശ്ശി : സ്വന്തമായി വണ്ടിയുണ്ടാക്കി അതില്‍ നാടുചുറ്റണം... അതായിരുന്നു 16 കാരനായ ആദിത്തിന്റെ ആഗ്രഹം. കുറച്ച് പണം സ്വരൂപിച്ച് സ്വന്തമായി ഒരു വണ്ടിയങ്ങ് ഉണ്ടാക്കി. ചേതക്ക് സ്‌കൂട്ടറിന്റെ മുന്‍ഭാഗവും സൈക്കിളും സംയോജിപ്പിച്ച് ഒരു ചേ-സൈക്കിള്‍. പിന്നീട് അതില്‍ യാത്ര ആരംഭിച്ചു.

ഇന്ധനവില വര്‍ധനയും വായുമലിനീകരണവും ഒഴിവാക്കാന്‍ കഴിയുന്നതിനൊപ്പം സ്‌കൂട്ടര്‍ ഓടിക്കുന്ന അതേ ആവേശത്തില്‍ തന്നെ ചേ-സൈക്കിള്‍ ഓടിക്കാന്‍ കഴിയുമെന്നാണ് ആദിത്ത് പറയുന്നത്. മുന്‍ഭാഗം പൂര്‍ണമായും ചേതക്ക് സ്‌കൂട്ടര്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഹെഡ് ലൈറ്റുകളും ഹോണും ഉള്‍പ്പെടെ ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവ സൈക്കിളിന്റെ ഭാഗങ്ങളാണ്.

പുറമെനിന്ന് കാണുമ്പോള്‍ ഒറ്റ നോട്ടത്തില്‍ സ്‌കൂട്ടറാണെന്നേ തോന്നൂ. ഓടിക്കാനും എളുപ്പമാണെന്നാണ് ആദിത്ത് പറയുന്നത്. കഴിഞ്ഞവര്‍ഷം ആദിത്ത് 13 ദിവസംകൊണ്ട് കേരളത്തിലെ 14 ജില്ലകളിലൂടെയും യാത്ര നടത്തിയിരുന്നു. രണ്ടാമത്തെ യാത്ര ഞായറാഴ്ച രാവിലെ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഓഫീസിന് മുന്നില്‍നിന്ന് ആരംഭിച്ചു. 14 ദിവസം കൊണ്ട് 800 കിലോമീറ്റര്‍ കടന്ന് ഗോവയില്‍ എത്തുകയാണ് ലക്ഷ്യം.

മലപ്പുറം, കാസര്‍കോട്, മംഗലാപുരം, ഉടുപ്പി, മുരുഡേശ്വര്‍ വഴിയാണ് യാത്ര. 80,000 രൂപയോളം ചെലവാക്കിയാണ് ആദിത്ത് ചേ-സൈക്കിള്‍ നിര്‍മിച്ചത്. പെരിങ്ങോട്ടുകുറിശ്ശി ചൂലനൂര്‍ മുരളികയില്‍ മുരളീധരന്‍-സുജിത ദമ്പതിമാരുടെ മകനാണ് ആദിത്ത്. ഈ വണ്ടിയില്‍ ജമ്മുകശ്മീരിലേക്ക് പോകണമെന്നാണ് ആദിത്തിന്റെ ആഗ്രഹം.

Tags