150 കോടിയോളം രൂപയുടെ നിക്ഷേപതട്ടിപ്പ്: പക്ഷേ കൈയില്‍ ഒന്നുമില്ലാതെ റാണ

തൃശൂര്‍: 150 കോടിയോളം രൂപയുടെ നിക്ഷേപതട്ടിപ്പു നടത്തിയ സേഫ് ആന്‍ഡ് സ്ട്രോങ് ചിട്ടികമ്പനി ഉടമ പ്രവീണ്‍ റാണയുടെ അക്കൗണ്ടില്‍ കാര്യമായി നിക്ഷേപമില്ലെന്ന് വെളിപ്പെടുത്തല്‍. പോലീസിന്റെ ചോദ്യംചെയ്യലിലാണ് റാണ ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണം വഴിതിരിച്ചുവിടാനും ദരിദ്രനാണെന്ന് വരുത്തി നിയമക്കുരുക്കില്‍ നിന്നു രക്ഷപ്പെടാനുമുള്ള അടവാണിതെന്ന് പോലീസ് സംശയിക്കുന്നു. വിരലില്‍ അണിഞ്ഞ വിവാഹമോതിരം വിറ്റാണ് രക്ഷപ്പെടാനുള്ള പണം സ്വരൂപിച്ചതെന്ന് റാണ പോലീസിനു മൊഴി നല്കി.
സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ്കേസില്‍ പ്രവീണ്‍ റാണയ്ക്കെതിരേ വഞ്ചനാകുറ്റം, അനധികൃത സാമ്പത്തിക ഇടപാട് എന്നീ വകുപ്പുകളാണ് ചുമത്തിയത്. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കും. പൊള്ളാച്ചിയിലെ ഒളിസങ്കേതത്തില്‍നിന്ന് കഴിഞ്ഞദിവസം രാത്രിയാണ് റാണയെ പിടികൂടിയത്. പിടിയിലാകുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് പണം ബിനാമി അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സുഹൃത്തിന് 16 കോടി കടം കൊടുത്തിട്ടുണ്ടെന്നും ഇത് തിരിച്ചുകിട്ടുമെന്നും റാണ പറയുന്നു. ആഡംബരവും ധൂര്‍ത്തും ദരിദ്രനാക്കിയെന്നാണ് മൊഴി. ഒളിവില്‍ കഴിഞ്ഞ സമയം വിവാഹമോതിരം വിറ്റ് 75,000 രൂപ ചെലവിനായി കണ്ടെത്തിയെന്നും മൊഴി നല്കി. എന്നാല്‍ റാണയുടെ ഏഴ് അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചപ്പോള്‍ എല്ലാം കാലിയായിരുന്നു.
കൈയില്‍ ഒന്നുമില്ലെന്ന് വരുത്താനുള്ള റാണയുടെ തന്ത്രമാണിതെന്ന് പോലീസ് കരുതുന്നു. ലൈഫ് ഡോക്ടര്‍ എന്ന് വിളിപ്പേരുള്ള ഇയാള്‍ ചില ചാനലുകളെ കൂട്ടു പിടിച്ചാണ് തട്ടിപ്പുകള്‍ നടത്തിയത്. ഇനി അതിവേഗം ജാമ്യത്തിനാണ് റാണയുടെ ശ്രമമുണ്ടാകുക. കൊച്ചിയിലെ ഫ്ലാറ്റില്‍ പോലീസ് എത്തിയതിന് പിന്നാലെ രക്ഷപ്പെട്ട റാണയെ സുഹൃത്തുക്കള്‍ കെ.എസ്.ആര്.ടി.സി. ബസ്സ്റ്റാന്‍ഡിലാണ് ആദ്യം ഇറക്കിയത്. അവിടെ നിന്നും ബസില്‍ അങ്കമാലിയിലെത്തി. തുടര്‍ന്ന് ബന്ധു പ്രജിത്തിന്റെ കാറില്‍ പൊള്ളാച്ചിയിലേക്ക്. ജനുവരി ഏഴിന് പുലര്‍ച്ചെയാണ് പൊള്ളാച്ചിയിലേക്ക് കടന്നത്. അവിടെ റാണ ഒളിവില്‍ കഴിഞ്ഞ ക്വാറിയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു. എന്നാല്‍ കണ്ണൂര്‍ വഴിയാണ് കടന്നതെന്നും സൂചനയുണ്ട്. അതിഥി തൊഴിലാളിയുടെ ഫോണില്‍ നിന്ന് ഭാര്യയെ വിളിച്ചതാണ് കുടുങ്ങാനിടയാക്കിയത്.
റാണയുടെ പ്രധാന കൂട്ടാളി വെളുത്തൂര്‍ സ്വദേശി സതീഷില്‍ നിന്നാണ് തമിഴ്നാട്ടിലേക്ക് റാണ കടന്നുവെന്ന സൂചന ആദ്യം ലഭിച്ചത്. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പൊള്ളാച്ചിയിലെ ഒളിത്താവളത്തെ കുറിച്ചറിഞ്ഞു. സംസ്ഥാനത്തിന് പുറത്തും സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ തൃശൂര്‍ വഴിയാണ് പൊള്ളാച്ചിയിലേക്ക് റാണ മുങ്ങിയത്. 14 കിലോമീറ്റര്‍ അകലെ ദേവരായപുരത്തെ ക്വാറിയില്‍ ഒളിവില്‍ പോയി. കുറച്ചുകാലമായി ഫൈവ്സ്റ്റാര്‍ ഹോട്ടലിലും ആഡംബര റിസോര്‍ട്ടിലും കഴിഞ്ഞ റാണ പൊള്ളാച്ചിയില്‍ നാലുദിവസം തങ്ങിയത് കുടിലിലെ പ്ലാസ്റ്റിക് കട്ടിലില്‍.
റാണയുടെ കൂട്ടാളികളായ അഞ്ചുപേരെ പോലീസ് ചോദ്യംചെയ്യും. മഹാരാഷ്ര്ടയില്‍ പബില്‍ പണം മുടക്കിയെന്ന് നിക്ഷേപകരോട് പറഞ്ഞത് കള്ളമാണ്. നുണപറഞ്ഞ് നിക്ഷേപങ്ങള്‍ വാങ്ങി ധൂര്‍ത്തടിച്ചു; പലിശ നല്കാന് കൂടുതല്‍ പേരെ വലയില്‍ വീഴ്ത്തയെന്നും ഇയാള്‍ സമ്മതിച്ചു. ക്വാറിയിലെ കുടിലിലാണ് ഒളിവില്‍ കഴിഞ്ഞത്.