കേരള പൊലീസിന് പോപ്പുലര്‍ ഫ്രണ്ടിനെ ഭയമാണെങ്കില്‍ കേന്ദ്രസേനയുടെ സഹായം തേടണം; കെ.സുരേന്ദ്രന്‍

google news
k surendran


കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള പൈശാചികമായ ഹര്‍ത്താലാണ് പോപ്പുലര്‍ ഫ്രണ്ട് നടത്തിയതെന്നും അവര്‍ക്ക് അഴിഞ്ഞാടാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കിയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഹര്‍ത്താലില്‍ ആംബുലന്‍സുകള്‍ വരെ ആക്രമിക്കപ്പെട്ടത് ഇതിന്റെ ഉദാഹരണമാണെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 


എന്‍ഐഎക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ പോക്കറ്റുകളില്‍ റെയിഡ് നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് ഇവരെ അടക്കിനിര്‍ത്താന്‍ കേരള പൊലീസിന് സാധിക്കുന്നില്ല. പോപ്പുലര്‍ ഫ്രണ്ടിനെ പൊലീസിന് ഭയമാണെങ്കില്‍ കേന്ദ്രസേനയുടെ സഹായം തേടാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ തയ്യാറായില്ലെന്നും സുരേന്ദ്രന്‍ ചോദിച്ചു.

നൂറോളം കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ക്കുകയും യാത്രക്കാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥന്‍മാരെ വണ്ടിയിടിച്ച് കൊല്ലാന്‍ ശ്രമിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരവാദ സ്വഭാവത്തിന് തെളിവാണ്. മൂകാംബികയിലേക്ക് പോകുന്ന തീര്‍ത്ഥാടകരെ ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്തു. എല്ലാത്തിനും കാരണം സര്‍ക്കാരിന്റെ പരാജയമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുമെന്ന ഡിജിപിയുടെ വാക്ക് വെറും വാക്കായി. മട്ടന്നൂരില്‍ ആര്‍എസ്എസ്സിന്റെ കാര്യാലയത്തിനും മഞ്ചേരിയില്‍ ബിജെപി ഓഫീസിന് നേരെയും ആക്രമണം നടന്നു. കേരളത്തില്‍ ഇന്ന് വരെ ഒരു ഹര്‍ത്താലിനോട് പോലും ഇത്രയും തണുപ്പന്‍ സമീപനം പൊലീസ് എടുത്തിട്ടില്ല.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഹര്‍ത്താലിനെതിരെ അപലപനീയമായ നടപടികളാണ് ഉണ്ടായിരിക്കുന്നത്. ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തില്‍ വലിയതോതില്‍ ആയുധ ക്യാമ്പുകള്‍ നടക്കുന്നുണ്ട്. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും പിടിക്കുന്ന ഭീകരര്‍ക്കും പരിശീലനം കിട്ടുന്നത് കേരളത്തിലാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Tags