600 കസ്റ്റമർ സപ്പോർട്ട് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി സൊമാറ്റോ


ന്യൂഡൽഹി: പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ 600 കസ്റ്റമർ സപ്പോർട്ട് ജീവനക്കാരെ പിരിച്ചുവിടുന്നു. ഭക്ഷ്യ വിതരണത്തിൽ വെല്ലുവിളികൾ നേരിടുന്നതും അനുബന്ധ സ്ഥാപനമായ ബ്ലിങ്കിറ്റിൽ വർധിച്ച് വരുന്ന നഷ്ടമാവുമാണ് പിരിച്ചുവിടുന്നതിനുള്ള കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കസ്റ്റമർ സപ്പോർട്ട് സേവനം മെച്ചപ്പെടുത്തുതിനായി സൊമാറ്റോ അസോസിയേറ്റ് ആക്സിലറേറ്റർ പ്രോഗ്രാം വഴി കഴിഞ്ഞ വർഷം ഏകദേശം 1,500 ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാൽ അതിൽ പലരുടെയും കരാർ പുതുക്കിയില്ല. പിരിച്ചുവിട്ട ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകും.

ചെലവ് ചുരുക്കലിൻറെ ഭാഗമായാണ് കസ്റ്റമർ സപ്പോർട്ട് ടീമിനെ കുറയ്ക്കാനുള്ള സൊമാറ്റോയുടെ തീരുമാനം .അതിൽ കസ്റ്റമർ സപ്പോർട്ട് പ്രവർത്തനങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതും ഉൾപ്പെടുന്നുണ്ട്. കമ്പനിയുടെ വളർച്ച മന്ദഗതിയിലാകുകയും ബിസിനസിൽ ഉയർന്ന നഷ്ടം നേരിടുകയും ചെയ്യുന്നതിനാൽ പ്രവർത്തന ചെലവുകൾ കുറയ്ക്കാനുള്ള ശ്രമമായാണ് ഈ നീക്കം കാണുന്നത്.
സാമ്പത്തിക പ്രതിസന്ധിയും ഉന്നതസ്ഥാനത്തുള്ള ആളുകളുടെ രാജികളും 2025 സാമ്പത്തിക വർഷത്തിൻറെ തുടക്കത്തിൽ സൊമാറ്റോയുടെ ലാഭത്തിൽ 57% ഇടിവ് രേഖപ്പെടുത്തി. ഇതേ സമയം, വരുമാനം 64% വർദ്ധിച്ചെങ്കിലും, ക്വിക്ക് കൊമേഴ്‌സ് വിഭാഗമായ ബ്ലിങ്കിറ്റ് വലിയ നഷ്ടങ്ങൾ നേരിടുന്നത് കമ്പനിക്ക് തിരിച്ചടിയായി.