തമിഴ്നാട്ടിൽ ബിഹാറികൾ ആക്രമിക്കപ്പെടുന്നതായുള്ള വ്യാജ വിഡിയോ നിർമിച്ച പ്രമുഖ യൂട്യൂബർ അറസ്റ്റിൽ

google news
jbio

പാട്ന: തമിഴ്നാട്ടിൽ ബിഹാർ തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ വിഡിയോ നിർമിച്ച് തൊഴിലാളികൾക്കിടയിൽ ഭീതി പടർത്തിയ സംഭവത്തിൽ ബിഹാറിലെ പ്രമുഖ യൂട്യൂബർ അറസ്റ്റിൽ.

യൂട്യൂബറായ മനീഷ് കശ്യപ് ആണ് ശനിയാഴ്ച രാവിലെ അറസ്റ്റിലായത്. ഇയാൾക്കെതിരെ ബിഹാറിലും തമിഴ്നാട്ടിലും നിരവധി കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്. വ്യാജ വിഡിയോ നിർമാണക്കേസുമായി ബന്ധപ്പെട്ട് മൂന്നാമത്തെ അറസ്റ്റാണ് മനീഷ് കശ്യപിന്റെത്.

ബിഹാർ പൊലീസും സാമ്പത്തിക കുറ്റകൃത്യ വിഭാഗവും കശ്യപിന്റെ വീട്ടിലെത്തി സ്വത്ത് വകകൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ സ്വീകരിച്ചപ്പോഴാണ് കശ്യപ് കീഴടങ്ങിയത്. സ്വത്ത് വകകൾ കണ്ടുകെട്ടുമെന്ന ഭയത്താലാണ് കീഴടങ്ങൽ. വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ബേട്ടിയയിലെ ജഗ്ദീഷ്പുർ പൊലീസ് സ്റ്റേഷനിലാണ് കശ്യപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

തമിഴ്നാട്ടിൽ ജോലി ചെയ്യുന്ന ബിഹാർ സ്വദേശികളെ ആക്രമിക്കുന്നതായുള്ള വ്യാജ വിഡിയോകൾ പ്രചരിപ്പിച്ചത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. വിഷയത്തിൽ ബിഹാർ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതികളെ പിടികൂടാൻ വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡും നടത്തി. ഒടുവിൽ സ്വത്തുവകകൾ ഉൾപ്പെടെ കണ്ടുകെട്ടുമെന്ന് ഭയന്നാണ് കശ്യപ് കീഴടങ്ങിയത്.

മനീഷ് കശ്യപിനെ കൂടാതെ, യുവരാജ് സിങ് രജ്പുതിനെതിരെയും മാർച്ച് 15ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കേസിൽ ഇവരെ കൂടാതെ, അമൻ കുമാർ, രാകേഷ് തിവാരി എന്നിവരും പ്രതികളാണ്. അതിൽ അമൻ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മനീഷ് കശ്യപ് എന്ന ത്രിപുരാരി കുമാർ തിവാരിക്കെതിരെ സാമ്പത്തിക ക്രമക്കേടുകൾക്കും തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്. കൂടാതെ, അറസ്റ്റ് സംബന്ധിച്ച് ട്വിറ്ററിലൂടെ വ്യാജ ഫോട്ടോ പോസ്റ്റ് ചെയ്തതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags