വാട്സ്ആപ് ഗ്രൂപ്പിന്‍റെ മേൽനോട്ടത്തിലൂടെ യുവതി വീട്ടിൽ പ്രസവിച്ചു

child-death
child-death

 അശാസ്ത്രീയമാര്‍ഗങ്ങള്‍ സ്വീകരിച്ച് പ്രസവമെടുക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ദോഷകരമാണ്. വീട്ടില്‍വെച്ച് പ്രസവിക്കുന്നതിനെ കുറിച്ചുള്ള അനുഭവങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കുന്ന ഹോം ബെര്‍ത്ത് എക്‌സ്പീരിയന്‍സസ് എന്നൊരു വാട്ട്‌സാപ്പ് ഗ്രൂപ്പില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വീട്ടില്‍വെച്ച് കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് ചെന്നൈയിലെ ദമ്പതിമാര്‍.

മുപ്പത്താറുകാരനായ മനോഹരനും ഭാര്യ സുകന്യ(32)യുമാണ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ പ്രസവം നടത്തിയത്. നവംബര്‍ 17-നാണ് സുകന്യ കുഞ്ഞിനെ വീട്ടില്‍ പ്രസവിച്ചത്. വിവരം അറിഞ്ഞ പ്രദേശത്തെ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ കുന്റത്തൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന്‌ മനോഹരനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് വാട്ട്‌സാപ്പ് ഗ്രൂപ്പിലെ അംഗത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തറിഞ്ഞത്. കുഞ്ഞിനെ വീട്ടില്‍ പ്രസവിക്കാനുള്ള ദമ്പതിമാരുടെ തീരുമാനത്തില്‍ നിര്‍ണായകമായത് വാട്ട്‌സാപ്പ് ഗ്രൂപ്പ് ആണെന്ന് പോലീസ് പറയുന്നു.

എട്ടും നാലും പ്രായമുള്ള രണ്ടു പെണ്‍മക്കളുടെ മാതാപിതാക്കളാണ് ഇവര്‍. നന്ദമ്പാക്കത്തിലെ വാടകവീട്ടിലായിരുന്നു ഇവരുടെ താമസം.
മൂന്നാമത്തെ കുഞ്ഞിനെയാണ് ഇവര്‍ വാട്ട്‌സാപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെ പ്രസവിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുകന്യ മൂന്നാമതും ഗര്‍ഭിണി ആയപ്പോള്‍ ഇവര്‍ ആശുപത്രിയില്‍ പോയുള്ള വൈദ്യപരിശോധനകള്‍ പൂര്‍ണമായി ഒഴിവാക്കിയിരുന്നു. മനോഹരനായിരുന്നു പ്രസവമെടുത്തത്. സുകന്യയും മനോഹരനും അംഗങ്ങളായ ഹോം ബെര്‍ത്ത് എക്‌സ്പീരിയന്‍സസ് വാട്ട്‌സാപ്പ് കൂട്ടായ്മയില്‍ ആയിരത്തിലധികം അംഗങ്ങളാണുള്ളത്.

Tags