ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു

Wrestling stars Vinesh Phogat and Bajrang Punia joined the Congress
Wrestling stars Vinesh Phogat and Bajrang Punia joined the Congress

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു. ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ഹെഡ്ക്വാര്‍ട്ടേര്‍സില്‍ വെച്ചായിരുന്നു പാര്‍ട്ടിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഇരുവരും ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ചെന്നത്. 

എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാലാണ് വിനേഷ് ഫോഗട്ടിനേയും ബജ്‌രംഗ് പുനിയയേയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ബുധനാഴ്ച രണ്ട് പേരും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് അംഗത്വം സ്വീകരിച്ചശേഷം വിനേഷ് ഫോഗട്ട് പറഞ്ഞു. 'ഗുസ്തിയിലെ യാത്രയില്‍ പിന്തുണച്ചതിന് രാജ്യത്തെ ജനങ്ങളോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയോടും നന്ദി പറയുകയാണ്. ഞങ്ങള്‍ തെരുവില്‍ വലിച്ചിഴയ്ക്കപ്പെട്ടപ്പോള്‍ ബി.ജെ.പി. ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഞങ്ങള്‍ക്കൊപ്പം നിന്നു. ഞങ്ങളുടെ കണ്ണീരും വേദനയും അവര്‍ക്ക് മനസിലായി. സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ പോരാടാന്‍ സന്നദ്ധമായ കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയുടെ ഭാഗമാകുന്നതില്‍ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. തെരുവ് മുതല്‍ പാര്‍ലമെന്റ് വരെ പോരാടാന്‍ ഈ പാര്‍ട്ടി തയ്യാറാണ്.' -വിനേഷ് ഫോഗട്ട് പറഞ്ഞു.

ഹരിയാന, നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗോദയിലേക്ക് കടക്കാനിരിക്കെയാണ് രണ്ട് താരങ്ങളുടേയും കോണ്‍ഗ്രസ് പ്രവേശം. ഇന്ത്യന്‍ റെയില്‍വേയിലെ ജോലി രാജിവെച്ചശേഷമാണ് വിനേഷ് ഫോഗട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സാമൂഹിക മാധ്യമമായ എക്‌സിലൂടെ താരം തന്നെയാണ് രാജിവിവരം അറിയിച്ചത്. 


 

Tags