പ്രസവാവധിയെടുത്ത് വിശ്രമിക്കുന്നതിനിടെ ഓണ്‍ലൈന്‍ ജോലി ചെയ്ത യുവതിക്ക് നഷ്ടമായത് 54 ലക്ഷം രൂപ

google news
fraud

പ്രസവാവധിയെടുത്ത് വിശ്രമിക്കുന്നതിനിടെ കൗതുകത്തിനായി ഓണ്‍ലൈന്‍ ജോലി ചെയ്ത യുവതിക്ക് നഷ്ടമായത് 54 ലക്ഷം രൂപ. നവി മുംബൈ സ്വദേശിയായ യുവതിക്കാണ് പണം നഷ്ടമായത്. പ്രസവാവധിയെടുത്ത് വീട്ടില്‍ ഇരുന്ന യുവതി കൂടുതല്‍ പണം സമ്പാദിക്കാനായാണ് ഓണ്‍ലൈന്‍ ജോലികള്‍ അന്വേഷിച്ചത്. ഇതെ തുടര്‍ന്നാണ് യുവതി ജോലി ചെയ്യാന്‍ ആരംഭിച്ചതും. പ്രതിഫലമായി നല്ല ഒരു തുകയാണ് യുവതിക്ക് ഇവര്‍ വാഗ്ദാനം ചെയ്തത്.
യുവതിയുമായി ബന്ധപ്പെട്ട വ്യക്തിയും വിശ്വസ്തമായ രീതിയില്‍ തന്നെയാണ് ഇവരോട് സംസാരിച്ചതും. ഇവരെ വിശ്വാസത്തില്‍ എടുത്ത യുവതി ജോലി ആരംഭിക്കുകയും ചെയ്തു. ജോലിക്കിടെ തട്ടിപ്പുകാര്‍ യുവതിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഹോട്ടലുകള്‍ റേറ്റ് ചെയ്യാന്‍ ലിങ്കുകള്‍ നല്‍കുകയും ചെയ്തു. പിന്നീട് വലിയ രീതിയിലുള്ള വരുമാനം നല്‍കാമെന്ന് പറഞ്ഞ് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. യുവതി വിവിധ അക്കൗണ്ടുകളിലായി ഏകദേശം 54,30,000 രൂപ നിക്ഷേപിച്ചു.
എന്നാല്‍ പണം നിക്ഷേപിച്ചതിന് ശേഷം തട്ടിപ്പുകാര്‍ രംഗത്ത് വന്നിട്ടില്ല. ഇവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോഴൊക്കെ യുവതിക്ക് ഇവരെ ബന്ധപ്പെടാനായില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് തട്ടിപ്പുകാര്‍ കടന്ന് കളയുകയായിരുന്നു. തട്ടിപ്പിന് ഇരയായെന്ന് മനസ്സിലാക്കിയ യുവതി ഉടന്‍ തന്നെ മുംബൈ സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
യുവതിയുടെ പരാതിയില്‍ പൊലീസ് നാല് പേര്‍ക്കെതിരെ കേസ് എടുത്തു.

Tags