പൂനെയില്‍ യുവതിയെ ആളുകള്‍ നോക്കി നില്‍ക്കേ കുത്തി കൊലപ്പെടുത്തി

pune
pune

കൃത്യം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരാള്‍ പോലും അതിനെ തടയുകയോ, പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയോ ചെയ്തില്ല.

പൂനെയില്‍ ഇരുപത്തിയെട്ടുകാരിയായ യുവതിയെ ആളുകള്‍ നോക്കിനില്‍ക്കെ യുവാവ് കുത്തിക്കൊന്നു. നഗരത്തിലെ ഒരു അന്താരാഷ്ട്ര കമ്പനിയിലെ അക്കൗണ്ടന്റ് ആയ യുവതിയെയാണ് ആള്‍ക്കൂട്ടത്തിന് നടുവില്‍ വെച്ച് യുവാവ് കുത്തിക്കൊന്നത്. എന്നാല്‍ ഇത്തരത്തില്‍ കൃത്യം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരാള്‍ പോലും അതിനെ തടയുകയോ, പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയോ ചെയ്തില്ല.

കമ്പനിയുടെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് വൈകുന്നേരം ആറേകാലോടെയാണ് ഈ ദാരുണമായ സംഭവം നടന്നത്. കത്രജ് സ്വദേശിനിയായ ശുഭധ ശങ്കര്‍ കൊടരെ എന്ന യുവതിയെയാണ് ശിവാജിനഗര്‍ സ്വദേശിയായ കൃഷ്ണ സത്യനാരായണ്‍ എന്ന യുവാവ് കുത്തിക്കൊന്നത്. സംഭവത്തിന്റേതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ യുവാവ് യുവതിയെ കുത്തുന്നതും, യുവതി നിലത്തിരുന്ന് ശ്വാസമെടുക്കാന്‍ ശ്രമിക്കുന്നതും കാണാം. ഇതിനിടെ യുവാവ് യുവതിക്ക് ചുറ്റും നടക്കുകയും ആളുകളെ ഫോണ്‍ ചെയ്യുകയുമായിരുന്നു. ഈ സമയമെല്ലാം അവിടെയുണ്ടായിരുന്നവര്‍ ഇയാളെ തടയാന്‍ പോലും ശ്രമിക്കാതെ, നോക്കിനില്‍ക്കുകയായിരുന്നു.

യുവാവ് യുവതിയില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു എന്നും, അത് തിരിച്ചുനല്‍കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് സൂചന. ഇരുവരും ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നവരാണെന്ന് പൊലീസ് പിന്നീട് അറിയിച്ചു. പണത്തെച്ചൊലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഓഫിസില്‍ നിന്നിറങ്ങിയ യുവാവ്, പാര്‍ക്കിംഗ് ഏരിയയിലെത്തിയ യുവതിയെ കുത്തികൊലപ്പെടുത്തുകയായിരുന്നു.

യുവാവ് കത്തി താഴെയിട്ടിട്ടും ആരും യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ മുന്‍കൈ എടുത്തില്ല

ദൃശ്യങ്ങളില്‍ കത്തി താഴെയിട്ട ശേഷ യുവാവിനോട് സംസാരിക്കുന്ന ജനങ്ങള്‍, ഉടന്‍ തന്നെ അയാളെ മര്‍ദിക്കുന്നതും കാണാം. എന്നാല്‍ അപ്പോഴും യുവതി അവശയായി നിലത്ത് കിടക്കുകയായിരുന്നു. ഒടുവില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രക്തം വാര്‍ന്ന് യുവതി മരിച്ചിരുന്നു.

Tags