രണ്ടു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ മുംബൈയിൽ നിന്ന് കാണാതായ സ്ത്രീയെ പാകിസ്ഥാനിൽ കണ്ടെത്തി
woman-mumbai

രണ്ടു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ അമ്മയെ കണ്ടെത്താനായ സന്തോഷത്തിലാണ് മുംബൈ നിവാസികളായ മക്കൾ.  ഇരുപത് വർഷത്തെ അന്വേഷണത്തിന് ശേഷമാണ്  അമ്മ  ഹമീദ ബാനു പാകിസ്ഥാനിൽ ഉണ്ടെന്ന വിവരം സോഷ്യൽ മീഡിയ വഴി  അറിയുന്നത്. ഹമീദ ബാനുവിനെ ഉടനെ വീട്ടിൽ എത്തിക്കാനുള്ള നടപടികൾക്കായി കേന്ദ്ര സർക്കാരിന്റെ സഹായം തേടുകയാണ് മകൾ യാസ്മിനും ബന്ധുക്കളും

യാദൃശ്ചികമായി പാകിസ്ഥാനിലെത്തിയ  ഹമീദ ബാനു  2002ലാണ് മുംബൈയില്‍ നിന്ന് പോയത്. ദുബായില്‍ വീട്ടുജോലിക്ക് വേണ്ടിയാണ് ഒരു ഏജന്റ് വഴി ഹമീദ ബാനു യാത്ര തിരിച്ചത്. എന്നാല്‍ ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് ഏജന്റ് കബളിപ്പിക്കുകയായിരുന്നുവെന്നാണ് ഹമീദ പറയുന്നത്. ഹമീദയെ ദുബൈക്ക് പകരം പാകിസ്ഥാനിലേക്ക് കടത്തി വിടുകയായിരുന്നു . പിന്നീട് ബന്ധുക്കളുമായി ബന്ധപ്പെടാൻ പോലും കഴിയാതെയാണ്  ഇരുപത് വർഷമായി ഹൈദരാബാദിൽ ജീവിച്ചത്.

പാകിസ്താനിലെ ഒരു സോഷ്യൽ ആക്ടിവിസ്റ്റ് ആണ് ഹമീദയുടെ കഥ സമൂഹ മാധ്യമങ്ങളിൽ പങ്കിടുന്നത്.  മക്കളെ വിവാഹം കഴിപ്പിച്ചയക്കാനും സ്വന്തമായി ഒരു വീട് വാങ്ങാനുമായാണ്  ദുബൈയിൽ പോകാൻ തീരുമാനിച്ചത്. എന്നാൽ ഏജന്റ് തന്നെ ചതിക്കുകയായിരുന്നുവെന്ന് ഹമീദ പറഞ്ഞു.

തന്നെ പാക്കിസ്ഥാനിലേക്ക് കൊണ്ടുപോയ ഏജന്റ് 20,000 രൂപ തട്ടിയെടുത്തതായി ഹമീദ പരാതിപ്പെടുന്നു. മുംബൈയിലെ  കുർളയിൽ താമസിക്കുന്ന ബന്ധുക്കളുടെ വിവരങ്ങളും ഹമീദ ബാനു  വിഡിയോയിൽ  പങ്ക് വച്ചു .

അങ്ങിനെയാണ്  വീഡിയോ  കാണാനിടയായ ബന്ധുക്കൾ  ഹമീദ ബാനുവിനെ തിരിച്ചറിയുന്നത്.  തുടർന്ന് ഹമീദ ബാനുവിന്റെ മുംബൈയിലെ  ബന്ധുക്കളുമായി ബന്ധപ്പെടാൻ കഴിഞ്ഞ  ചാരിതാർഥ്യത്തിലാണ് സോഷ്യൽ ആക്ടിവിസ്റ്റായ വലിയുള്ളാ മറൂഫ്
വീഡിയോ കാൾ വഴി മക്കളുമായി സംസാരിക്കാൻ കഴിഞ്ഞ ഹമീദയും തന്റെ കുടുംബത്തെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ്.  ഹമീദ ബാനുവിനെ ഉടനെ വീട്ടിൽ എത്തിക്കാനുള്ള നടപടികൾക്കായി കേന്ദ്ര സർക്കാരിന്റെ സഹായം തേടുകയാണ് മുംബൈയിലെ ബന്ധുക്കൾ
 

Share this story