പുഷ്പ 2 പ്രദര്‍ശനത്തിനിടെ യുവതി മരിച്ച സംഭവം; രേവതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം കൈമാറി നിര്‍മ്മാതാക്കള്‍
യുവതിക്കൊപ്പം പരിക്കേറ്റ ഇവരുടെ മകന് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തിയാണ് നിര്‍മാതാവ് നവീന്‍ യെര്‍നേനി കുടുംബത്തിന് ചെക്ക് കൈമാറിയത്.
പുഷ്പ 2-ന്റെ റിലീസ് ദിനത്തില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ച രേവതിയുടെ കുടുംബത്തിന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ 50 ലക്ഷം രൂപ ധനസഹായം കൈമാറി. യുവതിക്കൊപ്പം പരിക്കേറ്റ ഇവരുടെ മകന് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തിയാണ് നിര്‍മാതാവ് നവീന്‍ യെര്‍നേനി കുടുംബത്തിന് ചെക്ക് കൈമാറിയത്.
യുവതിയുടെ മരണത്തില്‍ അനുശോചിക്കുന്നതായും ഇവരുടെ കുടുംബത്തിനുള്ള പിന്തുണയായിട്ടാണ് തുക നല്‍കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഡിസംബര്‍ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി മരിച്ചത്. അന്ന് ചിത്രം കാണാനായി അല്ലു അര്‍ജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് തിയേറ്ററില്‍ വലിയ തിക്കും തിരക്കുമുണ്ടായത്. തിരക്കില്‍ യുവതിയുടെ മകനും ?ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയിപ്പോള്‍ കോമയില്‍ ചികിത്സയിലാണ്. യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജാമ്യം നിഷേധിച്ചതോടെ ഒരു രാത്രി ജയിലില്‍ കഴിയേണ്ടിവന്ന അല്ലു അര്ജുന് ഇടക്കാല ജാമ്യത്തില്‍ പിന്നീട് പുറത്തിറങ്ങി. സംഭവം നടന്ന സന്ധ്യ തിയേറ്ററിലെ ജീവനക്കാരും കേസിലെ പ്രതികളാണ്.