മൂന്നാം മോദി മന്ത്രിസഭയിലേക്ക് ആരൊക്കെ?

nda

പുതിയ എന്‍ഡിഎ മന്ത്രിസഭയിലെ പദവി വീതം വയ്പ്പ് ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍. ജെഡിയു, ടിഡിപി പാര്‍ട്ടികളുമായി ഇന്നത്തോടെ ധാരണയില്‍ എത്താന്‍ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. ബിജെപി മന്ത്രിമാര്‍ ആരൊക്കെ എന്നതില്‍ നാളെ വരെ അഭ്യൂഹങ്ങള്‍ തുടരും. നാളെയാണ് മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.
ക്യാബിനറ്റ് മന്ത്രി, സഹമന്ത്രി സ്ഥാനങ്ങള്‍ അഞ്ചെണ്ണം വരെ വേണമെന്ന നിലപാടിലാണ് ടിഡിപിയും ജെഡിയുവും. നിതീഷ് കുമാറുമായും ചന്ദ്രബാബു നായിഡുവുമായും ഇന്നലെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ചര്‍ച്ച നടത്തി. അതേസമയം ശിവസേന, ലോക് ജന ശക്തി പാര്‍ട്ടി, ആര്‍എല്‍ഡി, ജെഡിഎസ്, ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ കാര്യത്തില്‍ ധാരണയായിട്ടുണ്ട്. എല്‍ജെപിക്കും ശിവസേനക്കും ക്യാബിനറ്റ് പദവി ഉറപ്പാണ്. ഘടക കക്ഷി മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്താലും വകുപ്പുകള്‍ സംബന്ധിച്ച് സത്യപ്രതിജ്ഞയ്ക്ക് ശേഷം തിങ്കളാഴ്ച മാത്രമേ തീരുമാനം ഉണ്ടാകൂ എന്നാണ് വിവരം.
ബിജെപി മന്ത്രിമാരുടെ കാര്യത്തില്‍ പ്രമുഖരുടെ കാര്യത്തിലും വ്യക്തത വരാന്‍ കാത്തിരിപ്പ് ഇനിയും നീളും. അമിത് ഷാ നിര്‍മല സീതാരാമന്‍ എന്നിവര്‍ സംഘടനാ രംഗത്തേക്ക് മടങ്ങുമോ എന്ന് കൂടി ഉറപ്പായ ശേഷമേ മന്ത്രിസഭയിലെ ഇവരുടെ സാന്നിധ്യം സംബന്ധിച്ച് സ്ഥിരീകരണം ഉറപ്പാകൂ. പ്രാദേശിക സന്തുലിതാവസ്ഥ, ജാതി സമവാക്യം, ഘടക കക്ഷികളുടെ മന്ത്രിസഭയിലെ പ്രാതിനിധ്യം എന്നിവ കൂടി പരിഗണിച്ചാകും ബിജെപി മന്ത്രിമാരുടെ കാര്യത്തില്‍ ധാരണയാവുക.
പഴയ മന്ത്രി സഭയിലെ പ്രധാനപ്പെട്ട പല മുഖങ്ങളും ഇത്തവണ മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കില്ല. 

Tags