ബിജെപി ദേശീയ അധ്യക്ഷന്‍ ആരാകും ?

JP Nadda

മൂന്നാം മോദി സര്‍ക്കാരില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ മന്ത്രിയായതോടെ ബിജെപിയെ ഇനി ആര് നയിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്ന ശിവരാജ് സിങ് ചൗഹാനും ധര്‍മ്മേന്ദ്ര പ്രധാനും കേന്ദ്ര മന്ത്രിസഭയില്‍ ഇടം പിടിച്ചതിനാല്‍ ബിജെപിയുടെ തലപ്പത്ത് പുതിയ ഒരാള്‍ വരുമെന്ന് ഉറപ്പായി.

മുന്‍ പാര്‍ട്ടി അധ്യക്ഷന്മാരായ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്ഗരി, അമിത് ഷാ, എന്നിവരും ഹരിയാന മുന്‍ മുഖ്യമന്ത്രി കൂടിയായ മനോഹര്‍ലാല്‍ ഘട്ടറും മൂന്നാമൂഴത്തില്‍ മോദിക്കൊപ്പം കാബിനറ്റിലുണ്ട്. അത് കൊണ്ട് തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് ഇവരെയും പരിഗണിക്കാന്‍ സാധ്യതയില്ല.

അമിത് ഷാ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് നദ്ദ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തിരുന്നത്. നദ്ദയുടെ ബിജെപി ദേശീയ അധ്യക്ഷ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് പുതിയ നിയോഗം. മൂന്നാം മോദി സര്‍ക്കാരില്‍ അഞ്ചാമനായിട്ടാണ് നദ്ദ സത്യവാചകം ചൊല്ലിയത്. അതെ സമയം ഹിമാചല്‍ പ്രദേശിലെ ഹമീര്‍പൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു വന്ന അനുരാഗ് താക്കൂര്‍ ദേശീയ അധ്യക്ഷന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. അഞ്ചു തവണ എംപിയായ അനുരാഗ് താക്കൂര്‍ കഴിഞ്ഞ തവണ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ്, സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ മന്ത്രിയായിരുന്നു. എന്നാല്‍ പുതിയ കേന്ദ്ര മന്ത്രിസഭയില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല.

Tags