പശ്ചിമ ബം​ഗാളിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെ ആറ് ബി.ജെ.പി എം.എൽ.എമാർക്ക് സസ്പെൻഷൻ

google news
mamatha

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ നിയമസഭയിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെ ആറ് ബി.ജെ.പി എം.എൽ.എമാർക്ക് സസ്പെൻഷൻ. സന്ദേശ്ഖാലിയിലെ അശാന്തി കണക്കിലെടുത്ത് സഭയിൽ പ്രതിഷേധം നടത്തിയതിനെതിരെയാണ് നടപടി. അധികാരിക്ക് പുറമെ, അഗ്നിമിത്ര പാൽ, മിഹിർ ഗോസ്വാമി, ബങ്കിം ഘോഷ്, തപസി മൊണ്ടൽ, ശങ്കർ ഘോഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. നിലവിലെ സെഷന്റെ അവശേഷിക്കുന്ന ഭാ​ഗങ്ങളിലേക്കോ 30 ദിവസത്തേക്കോ (ആദ്യം നടക്കുന്ന ക്രമത്തിൽ) ആണ് സസ്പെൻഷനെന്നാണ് റിപ്പോർട്ട്.

സന്ദേശ്ഖാലിയിലെ സാഹചര്യങ്ങൾ മുൻനിർത്തി ചോദ്യോത്തരവേളയിൽ തൃണമൂൽ സർക്കാരിനെതിരെ ബി.ജെ.പി നേതാക്കൾ മുദ്രാവാക്യം മുഴക്കിയിരുന്നു. സന്ദേശ്ഖാലിക്കൊപ്പമെന്നെഴുതിയ വെള്ള ഷർട്ട് ധരിച്ചായിരുന്നു നേതാക്കൾ സഭയിലെത്തിയത്. പിന്നാലെ തറയിലിരുന്ന് മുദ്രാവാക്യം വിളികളോടെ പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് ബി.ജെ.പി എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർ ബിമൻ ബാനർജി തൃണമൂൽ കോൺഗ്രസ് എം.എൽ.എ ശോഭന്ദേബ് ചാറ്റർജിക്ക് അനുമതി നൽകുകയായിരുന്നു. ബി.ജെ.പി നേതാക്കൾ പലപ്പോഴും സഭയുടെ അച്ചടക്കം പാലിക്കുന്നില്ലെന്നും എം.എൽ.എമാർക്കെതിരായ നടപടി സഹിഷ്ണുതയുടെ പരിധിക്കപ്പുറമായതിനാലാണെന്നും ചാറ്റർജി വ്യക്തമാക്കി.

പ്രാദേശിക തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാനും സംഘവും തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയു ബലപ്രയോ​ഗത്തിലൂടെ തങ്ങളുടെ ഭൂമി കയ്യടക്കിയെന്നും ചൂണ്ടിക്കാട്ടി സന്ദേശ്ഖാലിയിൽ നിരവധി സ്ത്രീകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധം നടത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പിയുടെ പ്രതിഷേധം.

Tags