വഖഫ് ഭേദഗതി ബില്ലിന് പിന്നിൽ ഗൂഢലക്ഷ്യമാണുള്ളത്, അത് നടപ്പായാൽ ബി.ജെ.പി സർക്കാറിന് മുതൽക്കൂട്ടാകും : ഇ.ടി. മുഹമ്മദ് ബഷീർ
Apr 2, 2025, 19:05 IST


ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിന് പിന്നിൽ ഗൂഢലക്ഷ്യമാണുള്ളതെന്നും അത് നടപ്പായാൽ ബി.ജെ.പി സർക്കാറിന് മുതൽക്കൂട്ടാകുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ബില്ലിനെതിരെ നേരത്തേ ശക്തമായ നിലപാട് എടുത്തിട്ടുണ്ടെന്നും ജെ.പി.സിയിൽ പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങൾ മാനിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബില്ല് ഭരണഘടന വിരുദ്ധമാണെന്ന് നേരത്തേ പറഞ്ഞിരുന്നു. ജെ.പി.സിയിൽ പോയിട്ടും ബില്ലിൽ മാറ്റമില്ല. വഖഫ് ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.
ബില്ല് നിയമമായാൽ വഖഫ് ബോർഡ് നോക്കുകുത്തിയാകും. എല്ലാ അധികാരങ്ങളും സർക്കാറിൽ നിക്ഷിപ്തമാകും. ബില്ല് ഇന്ത്യൻ ഭരണഘടനയുടെ പല വകുപ്പുകൾക്കും എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
