കാശി–മഥുര വിഷയങ്ങൾ സജീവമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

google news
yogi

ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കെ കാശി, മഥുര വിഷയങ്ങൾ സജീവമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപിയുടെ മുൻഗണനാ പട്ടികയിൽ അടുത്തത് മഥുരയിലെ കൃഷ്ണ ജന്മഭൂമി തർക്കമാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. രാജ്യത്തെ ഹിന്ദു സമൂഹം മൂന്നു സ്ഥലങ്ങള്‍ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും യോഗി നിയമസഭയിൽ വ്യക്തമാക്കി. അയോധ്യ, കാശി, മഥുര എന്നിവയാണ് ഈ മൂന്നു സ്ഥലങ്ങൾ. ഈ പ്രദേശങ്ങളിലെ വികസനം തടയുന്ന മനോനിലയാണ് പ്രതിപക്ഷത്തിനുള്ളതെന്ന് അദ്ദേഹം വിമർശിച്ചു.

‘‘അയോധ്യയിലെ ചടങ്ങ് രാജ്യം മുഴുവന്‍ അതിയായ സന്തോഷത്തോടെ സ്വീകരിക്കുന്നത് നമ്മൾ കണ്ടതാണ്. മുൻസർക്കാരുകൾ അയോധ്യയെ എങ്ങനെയാണ് സമീപിച്ചതെന്നും നമുക്കറിയാം. അവർ അയോധ്യയെ നിരോധനങ്ങളുടെയും കർഫ്യൂവിന്റെയും പരിധിയില്‍ കൊണ്ടുവന്നു. നൂറ്റാണ്ടുകളോളം അയോധ്യ ഇത്തരം അനീതികൾ നേരിട്ടു. വിശദമായി പറഞ്ഞാൽ 5000 വർഷം നീണ്ടുനിന്ന അനീതിയെക്കുറിച്ചും പറയേണ്ടി വരും. പാണ്ഡവരും അനീതി നേരിട്ടവരാണല്ലോ.

കൃഷ്ണൻ കൗരവരുടെ അടുത്തുപോയി ഒരു ഒത്തുതീർപ്പിനു ശ്രമിച്ചു. എല്ലാ സ്ഥലവും നിങ്ങൾ പിടിച്ചുവച്ചോളൂ, അഞ്ച് ഗ്രാമങ്ങളെങ്കിലും തരൂ എന്നായിരുന്നു ഒത്തുതീർപ്പ്. എന്നാൽ ദുര്യോധനൻ വിസമ്മതിച്ചു. ഇന്നിപ്പോൾ മൂന്നെണ്ണത്തിന്റെ കാര്യം മാത്രമാണ് ചോദിച്ചത് – അയോധ്യ, കാശി, മഥുര. ഞങ്ങളുടെ വിശ്വാസത്തിന്റെ മൂന്ന് കേന്ദ്രങ്ങളാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. വർഷങ്ങളായി ഭൂരിപക്ഷം ഹിന്ദുക്കളും തങ്ങളുടെ വിശ്വാസങ്ങൾക്കായി അപേക്ഷിക്കുകയാണ്. വോട്ടു ബാങ്ക് രാഷ്ട്രീയമാണ് സ്ഥിതിഗതികൾക്കു കാരണം. രാഷ്ട്രീയവും വോട്ടുമൊക്കെയാണ് തർക്കങ്ങൾക്കു വഴിയൊരുക്കുന്നത്.

Tags