ഉത്തർപ്രദേശിൽ ഇനി ഹെൽമറ്റില്ലാതെ ചെന്നാൽ പെട്രോൾ കിട്ടില്ല
ലഖ്‌നോ: ഇരുചക്രവാഹനത്തിൽ ഹെൽമറ്റില്ലാതെ ചെന്നാൽ ഇനി ഇന്ധനം കിട്ടില്ല. ഉത്തർപ്രദേശ് ഗതാഗത വകുപ്പാണ് കർശന നിർദേശവുമായി രംഗത്തുള്ളത്. ഇരുചക്രവാഹന അപകടങ്ങളും മരണവും കുറക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. സംസ്ഥാനത്തെ 75 ജില്ലകളിലെയും ജില്ല മജിസ്‌ട്രേറ്റുമാർക്കും ഡിവിഷനൽ കമീഷണർമാർക്കും അയച്ച കത്തിലാണ് നിർദേശം.
ഇരുചക്ര വാഹന അപകടത്തിൽപ്പെട്ടവരിൽ കൂടുതൽ പേരും ഹെൽമറ്റ് ധരിച്ചില്ലെന്ന കണക്കുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി. ജനുവരി എട്ടുമുതൽ നയം നടപ്പായി. ഹെൽമറ്റ് ധരിക്കാത്തവർക്ക് ഇന്ധനം വിൽക്കരുതെന്ന് ട്രാൻസ്‌പോർട്ട് കമീഷണർ ബ്രജേഷ് നരേൻ സിങ് പമ്പ് ഉടമകൾക്ക് കത്ത് നൽകി.
സംസ്ഥാനത്തെ റോഡ് സുരക്ഷ നടപടികളുടെ അവലോകനത്തിനിടെ ഈ മാസം ആദ്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൽകിയ നിർദേശങ്ങളാണ് നടപ്പാക്കിയത്. പ്രതിവർഷം കാൽലക്ഷം പേരുടെ ജീവനാണ് സംസ്ഥാനത്ത് റോഡപകടങ്ങളിൽ പൊലിയുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇരുചക്ര വാഹന യാത്രികരിൽ മരിക്കുന്നവരിൽ ഭൂരിഭാഗവും ഹെൽമറ്റ് ധരിക്കാത്തതാണ് കാരണം. റോഡ് സുരക്ഷ ഉറപ്പാക്കാനും ജീവൻ രക്ഷിക്കാനും ലക്ഷ്യമിട്ടാണ് നയമെന്ന് കത്തിൽ പറയുന്നു. എല്ലാ ജില്ലകളിലും നിയമം കർശനമായി നടപ്പാക്കാനാണ് നിർദേശം.