ഉത്തർപ്രദേശിൽ നിയമവിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ
ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിൽ റാം മനോഹർ ലോഹ്യ നാഷനൽ ലോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനി അനിക രസ്തോഗി (19)യെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി.
മൂന്നാം വർഷ ബിഎ എൽഎൽബി വിദ്യാർഥിനിയായ അനിക, ദേശീയ അന്വേഷണ ഏജൻസിയിൽ (എൻഐഎ) ഇൻസ്പെക്ടർ ജനറലായ സഞ്ജയ് രസ്തോഗിയുടെ മകളാണ്. 1998 ബാച്ച് മഹാരാഷ്ട്ര കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് രസ്തോഗി.
ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ ശനിയാഴ്ചയാണ് രാത്രിയാണ് അനികയെ കണ്ടെത്തിയത്. ഏറെ നേരം വിളിച്ചിട്ടും പ്രതികരിക്കാത്തത്തിനെ തുടർന്നു മുറിയുടെ വാതിൽ തകർത്താണ് അകത്തുകയറിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഹൃദയാഘാതമാണ് അനികയുടെ മരണകാരണമെന്നു റാം മനോഹർ ലോഹ്യ ആശുപത്രി പ്രസ്താവനയിൽ അറിയിച്ചു. ഹോസ്റ്റൽ മുറി അകത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും പെൺകുട്ടിയുടെ കുടുംബം ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.