ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയ കേസ്: അധോലോക നായകൻ ഛോട്ട രാജൻ കുറ്റക്കാരനാണെന്ന് മുംബൈ കോടതി

chota rajan

ഹോട്ടൽ ഉടമ ജയ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ അധോലോക നായകൻ ഛോട്ട രാജൻ കുറ്റക്കാരനാണെന്ന് മുംബൈ കോടതി. ജയ ഷെട്ടി വധക്കേസിൽ മുംബൈ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ പിന്നീട് പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചു.

2001 മേയ് നാലിനാണ് ​മുംബൈയിലെ ഗംഗാദേവിയിലുള്ള ഗോൾഡൻ ക്രൗൺ ഹോട്ടലിന്റെ ഉടമയായിരുന്ന ജയ ഷെട്ടി കൊല്ലപ്പെട്ടത്. ഛോട്ട രാജന്റെ സംഘത്തിൽ നിന്ന് ഷെട്ടിക്ക് നിരന്തരം ഭീഷണിയുണ്ടായിരുന്നു. തുടർന്ന് ഷെട്ടിക്ക് പൊലീസ് സംരക്ഷണം നൽകിയിരുന്നു. എന്നാൽ അക്രമം നടക്കുന്നതിന് രണ്ടുമാസം മുമ്പ് തന്റെ സുരക്ഷ പിൻവലിക്കണമെന്ന് ഷെട്ടി ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസങ്ങളിൽ ഒന്നിലാണ് അക്രമിസംഘത്തിലെ രണ്ടുപേർ ഹോട്ടലിന്റെ ഒന്നാംനിലയിൽ വെച്ച് ഷെട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയത്.

അതേസമയം 2015ൽ ബാലി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായ ഛോട്ട രാജൻ ഇപ്പോൾ തിഹാർ ജയിലിലാണുള്ളത്. തിഹാർ ജയിലിലെ അതീവ സുരക്ഷയുള്ള രണ്ടാംനമ്പർ മുറിയിലാണ് ഛോട്ട രാജനെ പാർപ്പിച്ചിരിക്കുന്നത്.

Tags