നാലാമതും പെൺകുഞ്ഞ് ; വീട്ടുകാരുടെ കുറ്റപ്പെടുത്തൽ സഹിക്കവയ്യാതെ അമ്മ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നു
ന്യൂഡൽഹി : നാലാമതും പെൺകുഞ്ഞ് ജനിച്ചതിന് പിന്നാലെ വീട്ടുകാരുടെ കുറ്റപ്പെടുത്തൽ സഹിക്കാൻ കഴിയാതെ അമ്മ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്നു. ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷം ബാഗിലാക്കി വീടിന്റെ ടെറസിലേക്ക് എറിയുകയും ചെയ്തു.
സംഭവത്തിൽ 28കാരിയായ ശിവാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിരന്തരം പെൺകുഞ്ഞുങ്ങളെ പ്രസവിച്ചതിന്റെ പേരിൽ വീട്ടിൽ നിന്ന് വലിയ അവഹേളനമാണ് നേരിട്ടതെന്ന് ശിവാനി പൊലീസിനോട് പറഞ്ഞു.
നേരത്തേ ശിവാനിയുടെ രണ്ട് കുഞ്ഞുങ്ങൾ അസുഖം മൂലം മരിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് ഖ്യാല പൊലീസ് സ്റ്റേഷനിലേക്ക് ആറു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കാണാനില്ലെന്ന് ഒരാൾ വിളിച്ചുപറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം, സംഭവം നടന്നതിന്റെ തലേ ദിവസമാണ് ശിവാനി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്. തുടർന്ന് മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്ക് പോന്നു. പുലർച്ചെ രണ്ടുമണിക്ക് കുഞ്ഞിന് പാൽ കൊടുത്ത ശേഷം ഉറങ്ങിപ്പോയെന്നും പിന്നീട് കുഞ്ഞിനെ കണ്ടില്ലെന്നുമാണ് ശിവാനി പൊലീസിനോട് പറഞ്ഞത്. ശിവാനിയുടെ മറുപടി ഗൗരവമായി കണ്ട പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചു.
തിരച്ചിൽ നടത്തുന്നതിനിടെയാണ് വീടിന്റെ ടെറസിൽ ഒരു ബാഗ് കിടക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. ബാഗ് തുറന്നപ്പോൾ കുഞ്ഞിനെ കണ്ടെത്തി.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഉടൻ തന്നെ ശിവാനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോൾ അവർ തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന് സമ്മതിച്ചു.
നാലാമതും പെൺകുഞ്ഞ് ജനിച്ചപ്പോൾ വീട്ടുകാർ അവളേഹിച്ചെന്നും ഇത് സഹിക്കാൻ കഴിയാതെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും അവർ പൊലീസിനോട് പറഞ്ഞു. ശിവാനിയെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു.