ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ദാവൂദ് ഇബ്രാഹിം പോലും ഒറ്റരാത്രി കൊണ്ട് വിശുദ്ധനാകും: ആഞ്ഞടിച്ച്‌ ഉദ്ധവ് താക്കറെ
കെസിആറിന് പിന്തുണയുമായി ഉദ്ദവ് താക്കറെ

മുംബെെ : ഗുണ്ടാസംഘത്തലവന്‍ ദാവൂദ് ഇബ്രാഹിം പോലും ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ഒറ്റരാത്രി കൊണ്ട് വിശുദ്ധനാക്കപ്പെടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.ശനിയാഴ്ച വൈകുന്നേരം മുംബൈയില്‍ നടന്ന ഒരു മെഗാറാലിയില്‍ സംസാരിക്കവെയാണ് താക്കറെ ബി.ജെ.പിയെ കടന്നാക്രമിച്ചത്.

'ഇപ്പോള്‍, അവര്‍ ദാവൂദിനെയും അവന്റെ സഹായികളെയും പിന്തുടരുകയാണ്. എന്നാല്‍, ദാവൂദ് ബി.ജെ.പിയില്‍ ചേര്‍ന്നാല്‍, അവന്‍ ഒറ്റരാത്രി കൊണ്ട് വിശുദ്ധനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്', താക്കറെ പറഞ്ഞു. ഈ ആഴ്ച ആദ്യം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളുടെ മുംബൈയിലെ 20 സ്ഥലങ്ങളില്‍ ഒന്നിലധികം റെയ്ഡുകള്‍ നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു താക്കറെയുടെ വിമര്‍ശനം.

രാജ്യത്തെ വിലക്കയറ്റത്തിനെതിരെയും താക്കറെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു. 'മോദി ജി റേഷന്‍ നല്‍കിയിട്ടുണ്ട്, പക്ഷേ ഞങ്ങള്‍ പച്ചയായി കഴിക്കുമോ? സിലിണ്ടര്‍ നിരക്ക് കുതിച്ചുയരുമ്പോള്‍ എങ്ങനെ പാചകം ചെയ്യും? വിലക്കയറ്റത്തെക്കുറിച്ച്‌ ആരും സംസാരിക്കുന്നില്ല, ശ്രീലങ്കയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ, അവിടെ നിന്ന് പാഠം പഠിക്കൂ. ഇന്ധനവില ഏഴ് പൈസയായി ഉയര്‍ത്തിയപ്പോള്‍, അടല്‍ ബിഹാരി വാജ്‌പേയ് ഒരിക്കല്‍ കാളവണ്ടിയില്‍ പാര്‍ലമെന്റില്‍ പോയി. ഇപ്പോള്‍ ഇന്ധനവിലയുടെ സ്ഥിതി നോക്കൂ. വാജ്‌പേയിയുടെ കാലത്തെപ്പോലെയല്ല ഇപ്പോള്‍ ബി.ജെ.പി', താക്കറെ ചൂണ്ടിക്കാട്ടി.

ബി.ജെ.പിയേക്കാള്‍ മികച്ചത് ശിവസേനയുടെ ഹിന്ദുത്വമാണെന്നും അദ്ദേഹം പറഞ്ഞു. 'ചില വ്യാജ ഹിന്ദുത്വവാദികള്‍ നമ്മുടെ രാജ്യത്തെ വഴിതെറ്റിക്കുന്നു. ക്ഷേത്രങ്ങളില്‍ മണി മുഴക്കുന്ന ഹിന്ദുക്കളെ ആവശ്യമില്ലെന്ന് ബാലാസാഹെബ് താക്കറെ പഠിപ്പിച്ചു. തീവ്രവാദികളെ തല്ലാന്‍ കഴിയുന്ന ഹിന്ദുക്കളെയാണ് ഞങ്ങള്‍ക്ക് വേണ്ടത്. പറയൂ, ഹിന്ദുത്വത്തിനുവേണ്ടി നിങ്ങള്‍ എന്താണ് ചെയ്തത്? നിങ്ങള്‍ ബാബരിയെ താഴെയിറക്കിയിട്ടില്ല. അത് ചെയ്തത് ഞങ്ങളുടെ ശിവസൈനികരാണ്. ഞങ്ങളുടെ സിരകളില്‍ കാവി ചോരയുണ്ട്. ഞങ്ങളെ വെല്ലുവിളിക്കാന്‍ ശ്രമിക്കരുത്', താക്കറെ കൂട്ടിചേര്‍ത്തു.

Share this story