മഹാരാഷ്ട്രയില്‍ രണ്ട് നഴ്സറി സ്‌കൂള്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസ് ; പ്രതി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു

dead
dead

മുംബൈക്കടുത്തുള്ള ബദ്ലാപൂരില്‍ രണ്ട് നഴ്സറി സ്‌കൂള്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. പ്രതിയായ അക്ഷയ് ഷിന്‍ഡെ (23) പൊലീസ് വാഹനത്തിനുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിര്‍ക്കുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നും പൊലീസ് അറിയിച്ചു. സംഭവം അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.  

ഷിന്‍ഡെയെ കസ്റ്റഡിയിലെടുക്കാന്‍ ബദ്ലാപൂരിലെ ഉദ്യോഗസ്ഥര്‍ തലോജ ജയിലിലേക്ക് എത്തിയിരുന്നു. ആദ്യ ഭാര്യ നല്‍കിയ പുതിയ കേസുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. വിവാഹം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം ഇയാളെ ഉപേക്ഷിച്ച് പോയ യുവതി ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനും ആക്രമണത്തിനും പരാതി നല്‍കിയിരുന്നു. 

കസ്റ്റഡിയിലെടുത്ത് മടങ്ങവെ, വൈകിട്ട് ആറരയോടെ മുമ്പ്ര ബൈപ്പാസിന് സമീപം എത്തിയപ്പോള്‍ ഷിന്‍ഡെ കോണ്‍സ്റ്റബിളിന്റെ തോക്ക് തട്ടിയെടുക്കുകയും നിരവധി റൗണ്ട് വെടിയുതിര്‍ക്കുകയും ചെയ്തുവെന്നും മറ്റൊരു ഉദ്യോഗസ്ഥന്‍ ഷിന്‍ഡെയെ വെടിവെച്ചുവെന്നും ഗുരുതരമായി പരിക്കേറ്റ ഷിന്‍ഡെയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചുവെന്നുമാണ് പൊലീസ് വിശദീകരണം. പരിക്കേറ്റ നിലേഷ് മോറെ എന്ന കോണ്‍സ്റ്റബിള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംഭവം വിവാദമായി.

Tags