മരം മുറിക്കുന്നത് മനുഷ്യനെ കൊല്ലുന്നതിനേക്കാൾ മോശം, - സുപ്രീംകോടതി


ന്യൂഡല്‍ഹി: രാജ്യത്ത് അനധികൃതമായി നടക്കുന്ന മരം മുറിക്കലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി. ഒരുപാട് മരങ്ങള്‍ മുറിക്കുന്ന നടപടി മനുഷ്യനെ കൊല്ലുന്നതിനേക്കാളും മോശമാണെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പരിസ്ഥിതിക്ക് ദോഷം വരുത്തുന്നവരോട് ഒരു ദയയും പാടില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ താജ് ട്രപ്പീസിയം സോണില്‍ അനധികൃതമായി മുറിച്ച ഓരോ മരത്തിനും ഒരു ലക്ഷം രൂപ പിഴ ഈടാക്കിയത് സുപ്രീംകോടതി ശരിവച്ചു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ 454 മരങ്ങളാണ് സംരക്ഷിത പ്രദേശമായ താജ് ട്രപ്പീസിയം സോണില്‍ നിന്ന് ശിവ ശങ്കര്‍ അഗര്‍വാള്‍ എന്ന വ്യക്തി മുറിച്ചുമാറ്റിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആയിരുന്നു മരങ്ങള്‍ മുറിച്ച് മാറ്റിയത്.

മുറിച്ച മരങ്ങളില്‍ 422 എണ്ണം ഡാല്‍മിയ ഫാമിലേത് ആയിരുന്നു. ബാക്കിയുള്ളവ റോഡ് അരികത്ത് ഉള്ളവയും. 454 മരങ്ങള്‍ വെട്ടിമാറ്റുമ്പോള്‍ നഷ്ടമാകുന്ന പച്ചപ്പ് തിരികെ ലഭിക്കാന്‍ ചുരുങ്ങിയത് 100 വര്‍ഷമെങ്കിലും വേണ്ടി വരുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.