യു.പിയിൽ ഭാര്യയുടെ പീഡനം സഹിക്കാനാവാതെ നവവരൻ ജീവനൊടുക്കി

google news
crime

പിലിഭിത്ത്: ഭാര്യയുടെ പീഡനം സഹിക്കാനാവാതെ യു.പിയിൽ നവവരൻ ആത്മഹത്യ ചെയ്തു. രണ്ട് മാസം മുമ്പ് വിവാഹിതനായ നൗഗ്‌വാൻ പകാരിയ സ്വദേശി പ്രദീപ് (26) ആണ് ജീവനൊടുക്കിയത്.

ഭാര്യക്കെതിരെ പീഡന പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് പിലിഭിത്ത് പൊലീസ് സൂപ്രണ്ടിൻ്റെ വസതിക്ക് സമീപമാണ് പ്രദീപ് വിഷം കഴിച്ചത്. അവശനിലയിൽ കണ്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രണ്ട് മാസം മുമ്പാണ് പ്രദീപും ഇഷയും വിവാഹിതരായത്. പ്രദീപി​നോട് ഭാര്യയുടെ കുടുംബം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായും പൊലീസ് പറയുന്നു. അതിനിടെ, ഭാര്യ ഗാർഹിക പീഡനത്തിന് ഇയാൾക്കെതിരെ പരാതി നൽകിയെന്നും എന്നാൽ, ഭാര്യക്കെതിരെ പ്രദീപ് നൽകിയ പീഡന പരാതി പൊലീസ് സ്വീകരിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

ശനിയാഴ്ച രാവിലെ പരാതിയുമായി യുവാവ് എസ്പിയുടെ ഓഫിസിലെത്തിയെങ്കിലും ഉദ്യോഗസ്ഥൻ സ്ഥലത്തുണ്ടായിരുന്നില്ല. തുടർന്ന് എസ്പിയുടെ വസതിയിലെത്തി വിഷം കഴിക്കുകയായിരുന്നു. വിഷയം പരിശോധിച്ചു വരികയാണെന്ന് പൊലീസ് സൂപ്രണ്ട് അതുൽ ശർമ്മ പറഞ്ഞു.

Tags