കര്‍ണാടകയിൽ മാവോവാദി നേതാവ് തൊമ്പാട്ടു ലക്ഷ്മി കീഴടങ്ങി
Feb 3, 2025, 10:20 IST


ബെംഗളൂരു: കര്‍ണാടകയിലെ മാവോവാദി നേതാവ് തൊമ്പാട്ടു ലക്ഷ്മി ഉഡുപ്പി ജില്ലാ ഭരണകാര്യാലയത്തിൽ കീഴടങ്ങി. ഞായറാഴ്ച കീഴടങ്ങിയ ലക്ഷ്മിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അടുത്തിടെ കര്‍ണാടകയിലെ ആറ് മാവോവാദി നേതാക്കള്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു.
ഇതിനുപിന്നാലെയാണ് വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ലക്ഷ്മിയും കീഴടങ്ങിയത്. ലക്ഷ്മിയുടെ ഭര്‍ത്താവ് സലീം നാലുവര്‍ഷം മുമ്പ് ആന്ധ്രാപ്രദേശ് സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയിരുന്നു. കുന്ദാപുര താലൂക്കിലെ തൊമ്പാട്ടു സ്വദേശിയാണ് ലക്ഷ്മി. അതേസമയം, ഇതുവരെ കര്‍ണാടകയിലെ 21 മാവോവാദികള്‍ ഇത്തരത്തില്‍ മാവോവാദി പ്രവര്‍ത്തനം അവസാനിപ്പിച്ച് കീഴടങ്ങിയതായി സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.