ബാങ്ക് ജീവനക്കാരുടെ അബദ്ധം ; സര്‍ക്കാരിന്റെ 1.5 കോടി 15 പേരുടെ അക്കൗണ്ടിലേക്ക് ; ഒരാള്‍ പണം ചെലവഴിച്ചു
money

തെലങ്കാനയില്‍ സര്‍ക്കാര്‍ പദ്ധതിയുടെ 1.5 കോടി രൂപയുടെ ഫണ്ട് അബദ്ധത്തില്‍ 15 ആശുപത്രി ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ഇട്ടുനല്‍കി.

സര്‍ക്കാരിന്റെ ദലിത് ബന്ധു എന്ന പദ്ധതിയിലൂടെ വിതരണം ചെയ്യേണ്ട പണമാണ് ഇത്തരത്തില്‍ 15 പേരുടെ അക്കൗണ്ടിലേക്ക് പോയത്. ലോട്ടസ് ആശുപത്രിയിലെ 15 ജീവനക്കാരുടെ അക്കൗണ്ടിലേക്കാണ് തുക എത്തിയത്. ഓരോരുത്തര്‍ക്കം 10 ലക്ഷം രൂപ വീതം അക്കൗണ്ടിലെത്തി.

അബദ്ധം തിരിച്ചറിഞ്ഞ ജീവനക്കാര്‍ ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തു. തുക തിരികെ നല്‍കാന്‍ അക്കൗണ്ട് ഉടമകളോട് ബാങ്ക് ആവശ്യപ്പെടുകയും ചെയ്തു. 15ല്‍ 14പേരും പണം തിരിച്ചു നല്‍കി.

എന്നാല്‍ മഹേഷ് എന്ന വ്യക്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതി പ്രകാരം ലഭിച്ച തുകയാണെന്ന വാദത്തിലായിരുന്നു. ഇയാള്‍ ഇതില്‍ നിന്നും കുറച്ച് തുക ചെലവഴിക്കുകയും ചെയ്തു. കടം വീട്ടാനാണ് തുക ഉപയോഗിച്ചത്.

സംഭവം കേസ് ആയതോടെ 6.70 ലക്ഷം രൂപ തിരിച്ചുപിടിച്ചു. ബാക്കിയുള്ള 3.30 ലക്ഷം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക് ജീവനക്കാര്‍. എസ്.ബി.ഐയുടെ രംഗറെഡ്ഡി കലക്ടറേറ്റ് ബ്രാഞ്ചില്‍ നിന്നാണ് ഈ അബദ്ധം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Share this story