യുപിഎ സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 46,303 കോടി, മോദി സര്‍ക്കാര്‍ നല്‍കിയത് 1,50,140 കോടി; കണക്കുകള്‍ നിരത്തി ധനമന്ത്രി

google news
Nirmala Sitharaman

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന സംസ്ഥാനത്തിന്റെ ആരോപണം തള്ളി ധനമന്ത്രി നിര്‍മല സീതാരാമന്‍. കേരളത്തിന് നല്‍കിയ കേന്ദ്ര ഫണ്ടിന്റെ കണക്ക് പാര്‍ലമെന്റില്‍ നിരത്തിയായിരുന്നു ധനമന്ത്രിയുടെ മറുപടി. മോദി ഭരണത്തില്‍ നല്‍കിയത് 1,50,140 കോടി രൂപ കേരളത്തിന് നല്‍കിയതായി ധനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരിച്ചു. 

യുപിഎ ഭരണകാലത്ത് സംസ്ഥാനത്തിന് നല്‍കിയ തുകയുമായി താരതമ്യപ്പെടുത്തിയായിരുന്നു പാര്‍ലമെന്റില്‍ ധനമന്ത്രിയുടെ വിശദീകരണം. യുപിഎ കാലത്ത് കേരളത്തിന് നല്‍കിയ നികുതി വിഹിതം 46,303 കോടിയായിരുന്നു. മോദി ഭരണത്തില്‍ നല്‍കിയത് 1,50,140 കോടി രൂപയുമാണ്. ഗ്രാന്റ് യുപിഎ കാലത്ത് 25,629 കോടി രൂപയാണെങ്കില്‍ എന്‍ഡിഎ ഭരിച്ച 2014-24 കാലയളവില്‍ ഗ്രാന്റ് നല്‍കിയത് 1,43,117 കോടി രൂപയെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചു.

കണക്കുകള്‍ ആര്‍ക്കും പരിശോധിക്കാമെന്നും ധനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. യുപിഎ ഭരണത്തേക്കാള്‍ മൂന്നിരട്ടിയിലേറെ കൂടുതല്‍ വിഹിതമാണ് കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതായി ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് രാജ്യസഭയില്‍ ധനമന്ത്രിയുടെ വിശദീകരണം.

Tags