പ്രളയം; കേരളമുൾപ്പെടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ധനസഹായം പ്രഖ്യാപിച്ചു

modi
modi
ഈ വർഷം 21 സംസ്ഥാനങ്ങൾക്കായി 14,958 കോടിയിലധികം രൂപയാണ്

ദില്ലി: കേരളമുൾപ്പെടെ  പ്രളയം ബാധിച്ച 14 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ധനസഹായം അനുവദിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്ഡിആർഎഫ്) നിന്നുള്ള കേന്ദ്ര വിഹിതമായും ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻഡിആറ്‍എഫ്) നിന്നുള്ള മുൻകൂർ തുകയായുമാണ് 14 പ്രളയബാധിത സംസ്ഥാനങ്ങൾക്ക് 5858.60 കോടി രൂപ അനുവദിച്ചത്.

മഹാരാഷ്ട്രയ്ക്ക് 1492 കോടി, ആന്ധ്രപ്രദേശിന് 1036 കോടി, അസമിന് 716 കോടി, ബിഹാറിന് 655.60 കോടി, ഗുജറാത്തിന് 600 കോടി, ഹിമാചൽ പ്രദേശിന് 189.20 കോടി, കേരളത്തിന് 145.60 കോടി, മണിപ്പൂരിന് 50 കോടി, മിസോറമിന് 21.60 കോടി, നാഗാലാൻഡിന്ന് 19.20 കോടി, സിക്കിമിന് 23.60 കോടി, തെലങ്കാനയ്ക്ക് 416.80 കോടി, ത്രിപുരയ്ക്ക് 25 കോടി, പശ്ചിമ ബംഗാളിന് 468 കോടി എന്നിങ്ങനെയാണ് തുക അനുവദ‌ിച്ചത്.

കേരളത്തിനു പുറമെ പ്രളയബാധിത സംസ്ഥാനങ്ങളായ അസം, മിസോറം, ത്രിപുര, നാഗാലാൻഡ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, മണിപ്പൂർ എന്നിവിടങ്ങളിൽ നാശനഷ്ടങ്ങൾ നേരിട്ടു വിലയിരുത്തുന്നതിനായി അന്തർ മന്ത്രിതല കേന്ദ്രസംഘങ്ങളെ (ഐഎംസിടി)അയച്ചിരുന്നു.

ഈ വർഷം 21 സംസ്ഥാനങ്ങൾക്കായി 14,958 കോടിയിലധികം രൂപയാണ് നൽകിയിട്ടുള്ളത്. എസ്ഡിആർഎഫിൽ നിന്ന് 21 സംസ്ഥാനങ്ങളിലേക്ക് നൽകിയ 9044.80 കോടിയും എൻഡിആർഎഫിൽ നിന്ന് 15 സംസ്ഥാനങ്ങളിലേക്ക് നൽകിയ 4528.66 കോടിയും സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടിൽ നിന്ന് (എസ്ഡിഎംഎഫ്) 11 സംസ്ഥാനങ്ങളിലേക്ക് നൽകിയ 1385.45 കോടിയും ഇതിൽ ഉൾപ്പെടുന്നു.

അതേസമയം, 3000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തുച്ഛമായ തുകയാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്.

Tags