അധ്യാപകന്‍ എറിഞ്ഞ വടികൊണ്ട് വിദ്യാര്‍ത്ഥിയുടെ കണ്ണിന്റെ കാഴ്ച നഷ്ടമായി

adithya
adithya

യുപിയിലെ കൗശാംബിയില്‍ അധ്യാപകന്‍ എറിഞ്ഞ വടികൊണട് വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടമായി. ആദിത്യ കുശ്വാഹ എന്ന കുട്ടിക്കാണ് ദുരനുഭവമുണ്ടായത്.
സംഭവത്തില്‍ അധ്യാപകനായ ശൈലേന്ദ്ര തിവാരിക്കെതിരെ പൊലീസ് കേസെടുത്തു.


രണ്ടുതവണ ശസ്ത്രക്രിയ നടത്തിയെങ്കിലും ആദിത്യയുടെ ഇടതു കണ്ണിന്റെ കാഴ്ച തിരിച്ചെടുക്കാന്‍ സാധിച്ചില്ല. കുട്ടിയുടെ അമ്മ ജില്ലാ ശിശുക്ഷേമ സമിതിയേയും സമീപിച്ചു. പുറത്തു കളിക്കുന്ന വിദ്യാര്‍ത്ഥികളെ വിളിക്കാന്‍ അധ്യാപകന്‍ തന്നോട് ആവശ്യപ്പെട്ടതായി കുട്ടി പറഞ്ഞു. ആദിത്യ അവരെ വിളിച്ചെങ്കിലും അവര്‍ വന്നില്ല. കുട്ടി ഇക്കാര്യം അധ്യാപകനോടു പറഞ്ഞു. എന്നാല്‍ ദേഷ്യം വന്ന അധ്യാപകന്‍ ആദിത്യയ്ക്ക് നേരെ വടി എറിഞ്ഞു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അധ്യാപകന്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. 
കുട്ടികളാണ് വിവരം ആദിത്യയുടെ അമ്മയെ അറിയിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടാണ് അന്വേഷണം നടത്തിയതെന്ന് അമ്മ പറയുന്നു. കണ്ണാശുപത്രിയില്‍ രണ്ട് ശസ്ത്രക്രിയകള്‍ നടത്തി. കണ്ണിന് കാഴ്ച തിരികെ ലഭിക്കാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും അമ്മ പറയുന്നു.


വിഷയം ഒതുക്കാന്‍ അധ്യാപകന്‍ പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും ആദിത്യയുടെ അമ്മ പറയുന്നു. സംഭവത്തില്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ശേഷം നടപടിയെടുക്കും.
 

Tags