രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും

parliament

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും. അയോധ്യ രാമക്ഷേത്ര നിര്‍മാണവും പ്രാണപ്രതിഷ്ഠയും സംബന്ധിച്ച വിഷയത്തില്‍ ഇരുസഭകളിലും ചര്‍ച്ച നടക്കും. ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി അംഗം സത്യപാല്‍ സിങ്ങ് ആണ്.

ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ചീഫ് വിപ്പ് ഡോ. ലക്ഷ്മികാന്ത് ബാജ്‌പേയി ഇരുസഭകളിലെയും പാര്‍ട്ടി അംഗങ്ങള്‍ക്ക് വെള്ളിയാഴ്ച വിപ്പ് നല്‍കി. ജനുവരി 31ന് ആരംഭിച്ച ബജറ്റ് സമ്മേളനം വെള്ളിയാഴ്ചവരെയാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അജന്‍ഡകളൊന്നും പറയാതെ കഴിഞ്ഞദിവസം സമ്മേളനം ശനിയാഴ്ചവരെ നീട്ടുകയായിരുന്നു.
രാജ്യസഭയില്‍ ധവളപത്രത്തിന്മേലുള്ള ചര്‍ച്ചകളും നടക്കും. ലോക്‌സഭയില്‍ ഇന്നലെ ധവളപത്രത്തിന്മേലുള്ള ചര്‍ച്ച നടന്നിരുന്നു. യുപിഎ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശനമാണ് ഉയര്‍ത്തിയത്. യുപിഎ സര്‍ക്കാരിന്റെ പത്തുവര്‍ഷവും നരേന്ദ്ര മോദി സര്‍ക്കാരിന്റെ പത്തുവര്‍ഷക്കാലത്തെയും വിലയിരുത്തലാണ് ധവളപത്രത്തില്‍ വിശദീകരിച്ചിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും മാത്രമാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി. വസ്തുതകള്‍ക്ക് നേരെ കണ്ണടക്കാനാകില്ലെന്നും പത്തു വര്‍ഷം കൊണ്ട് രാജ്യം നേടിയത് ജനങ്ങള്‍ അറിയണമെന്നും നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ പറഞ്ഞു.

Tags