ഡോക്ടറെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

google news
doctor

ദില്ലിയിലെ ജംഗ്പുരയില്‍ 63 കാരനായ ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജനറല്‍ ഫിസിഷ്യനായ യോഗേഷ് ചന്ദ്ര പോളിന്റെ മൃതദേഹമാണ് കൈകാലുകള്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. 

വെള്ളിയാഴ്ച്ച വൈകുന്നേരമാണ് ഡോക്ടറുടെ മൃതദേഹം വീട്ടില്‍ കണ്ടെത്തുന്നത്. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തിയ വിവരത്തെ തുടര്‍ന്ന് ഒരു സംഘം വീട്ടിലെത്തുകയായിരുന്നു. ജംഗ്പുര സി ബ്ലോക്കിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഡോക്ടര്‍ താമസിച്ചിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ കവര്‍ച്ച നടന്നതായും എന്നാല്‍ വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു. അതേസമയം, സംഭവത്തില്‍ മൂന്നോ നാലോ പേര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട പോളിന്റെ ഭാര്യ നീനയും ദില്ലി സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറാണ്. ഡോക്ടര്‍ ദമ്പതികളുടെ വളര്‍ത്തുനായ്ക്കളെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

Tags