മുസ്ലിം വിഭാഗത്തിനെതിരായ അതിക്രമങ്ങള്‍ ദിനം പ്രതി ഉയരുമ്പോഴും ബിജെപി സര്‍ക്കാര്‍ മൗനം പാലിക്കുന്നു ; വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

rahul
rahul

ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ മൗനം പാലിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തുടനീളം ഭയത്തിന്റെ ഭരണമാണ് നിഴലിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ദിവസം ബീഫ് കഴിച്ചെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തുകയും വയോധികനെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ബിജെപി സര്‍ക്കാര്‍ ഇത്തരം വിഷയങ്ങളില്‍ ഉചിതമായ നടപടി സ്വീകരിക്കാത്തതിനാലാണ് അതിക്രമങ്ങള്‍ വീണ്ടും സംഭവിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ ഇത്തരം കുറ്റക്കാരെ വെറുംകയ്യോടെ വിടുകയാണ്. അതുകൊണ്ടാണ് വീണ്ടും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രതികള്‍ക്ക് ധൈര്യം ലഭിക്കുന്നത്. ന്യുനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലിം വിഭാഗത്തിനെതിരായ അതിക്രമങ്ങള്‍ ദിനം പ്രതി ഉയരുമ്പോഴും ബിജെപി സര്‍ക്കാര്‍ മൗനമായി അതെല്ലാം കണ്ടുനില്‍ക്കുകയാണ്, രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇന്ത്യയുടെ ഐക്യത്തിനെതിരായ അതിക്രമങ്ങള്‍ അംഗീകരിക്കാനാവുന്നതല്ല. ബിജെപി എന്ത് ചെയ്യാന്‍ ശ്രമിച്ചാലും ഇന്ത്യയെ വെറുപ്പില്‍ നിന്നും അടര്‍ത്തി ഐക്യത്തിലേക്ക് നയിക്കാന്‍ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്വേഷ ശക്തികള്‍ക്കെതിരെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി തുടരുമെന്നും രാഹുല്‍ പറഞ്ഞു.

Tags