തെലങ്കാനയ്ക്ക് സംസ്ഥാന പദവി നല്‍കിയതിന്റെ നന്ദി ; സോണിയ ഗാന്ധിക്ക് ക്ഷേത്രം സ്ഥാപിച്ചു

sonia gandhi

തെലങ്കാനയ്ക്ക് സംസ്ഥാന പദവി നല്‍കിയതിന്റെ നന്ദി സൂചകമായി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് ക്ഷേത്രം സ്ഥാപിച്ചു. പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി നെവുരി വെങ്കട്ട് റെഡ്ഡിയും ഭാര്യ മമതയും ചേര്‍ന്നാണ് വെള്ള മാര്‍ബിളില്‍ ക്ഷേത്രം സ്ഥാപിച്ചത്. തെലങ്കാന രൂപീകരണ ദിനമായ ഇന്ന് രാജണ്ണ സിര്‍സില്ല ജില്ലയിലെ യെല്ലറെഡ്ഡിപേട്ടിലുള്ള സായിബാബ കമാനിലെ ക്ഷേത്രം ടിപിസിസി അംഗം നഗുല സത്യനാരായണ ഉദ്ഘാടനം ചെയ്തു.

സോണിയ ഗാന്ധി തെലങ്കാനയ്ക്ക് സംസ്ഥാന പദവി പ്രഖ്യാപിക്കുകയും നാലര കോടി ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുകയും ചെയ്തപ്പോള്‍ അവര്‍ക്കായി ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ താന്‍ തീരുമാനിച്ചിരുന്നുവെന്ന് വെങ്കട്ട് റെഡ്ഡി പറഞ്ഞു.
വിഭജനത്തിന് ശേഷം ബിആര്‍എസ് സര്‍ക്കാര്‍ രൂപീകരിക്കുകയും അതിന്റെ നേതാക്കള്‍ തനിക്ക് നിരവധി തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതിനാല്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ വളരെയധികം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം കോണ്‍ഗ്രസ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചതോടെ, വിജയകരമായി ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
'തെലങ്കാന രൂപീകരണ ദിനത്തില്‍ ഇത് ഉദ്ഘാടനം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. സോണിയമ്മ ഇല്ലായിരുന്നെങ്കില്‍ തെലങ്കാന സംസ്ഥാനം എന്ന സ്വപ്നം സാധ്യമാകുമായിരുന്നില്ല. ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചതിന് അവരെ ആരാധിക്കാനുള്ള ഞങ്ങളുടെ ഊഴമാണിത്'', വെങ്കട്ട് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

Tags